മഹാരാഷ്ട്രയില്‍ ജൂലൈ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. എങ്കിലും മഹാരാഷ്ട്രിയില്‍ പുതിയ അധ്യയനവര്‍ഷം ജൂലൈ മുതല്‍ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായിരിക്കും ആദ്യം ക്ലാസ് ആരംഭിക്കുക. ഒരു മാസത്തിനിടയില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയിലെ സ്‌കൂളുകളായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശത്തെ സ്‌കൂളുകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു. വിദര്‍ഭ ഓണ്‍ലൈന്‍ സ്‌കൂളുകള്‍ ജൂണ്‍ 26 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 9,10,12 ക്ലാസുകളായിരിക്കും ജൂലായ് മുതല്‍ ആരംഭിക്കുക. പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചതിനുശേഷം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി പതിനൊന്നാംക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കും. ആറുമുതല്‍ എട്ടുവരെയുളളവര്‍ക്ക് ഓഗസ്റ്റിലും മൂന്നുമുതല്‍ നാലുവരെ ക്ലാസുകളിലുള്ളവര്‍ക്ക് സെപ്റ്റംബറിലും ക്ലാസ് ആരംഭിക്കും. ഒന്നിലും രണ്ടിലും പഠിക്കുന്നവരുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പഠനത്തിനായി ടെലിവിഷന്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ദൂരദര്‍ശന്‍, റേഡിയോ എന്നിവയുടെ സഹകരണം ഉറപ്പാക്കും. ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും പ്രീ െ്രെപമറി ക്ലാസുകള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

FOLLOW US: pathram online

pathram:
Leave a Comment