റിട്ട.വനിതാ എസ്‌ഐയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം :വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട്ട് റിട്ട.വനിതാ എസ്‌ഐയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് റിട്ട. എഎസ്‌ഐയെ വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തി. തൊഴുവന്‍കോട് അഞ്ജലി ഭവനില്‍ കെ.ലീല (73) യാണു കൊല്ലപ്പെട്ടത്.

തടിക്കഷണം കൊണ്ടു തലയ്ക്കും കഴുത്തിനും അടിയേറ്റ് വീടിന്റെ മുറ്റത്തു ഗുരുതരാവസ്ഥയില്‍ കിടന്ന ലീലയെ വീട്ടിലുണ്ടായിരുന്ന പെണ്‍മക്കളാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരു മണിക്കൂറിനു ശേഷം മരിച്ചു. തുടര്‍ന്നു വീടിനു പിന്നില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ ഭര്‍ത്താവ് പി.പൊന്നന്റെ (70) മൃതദേഹം അയല്‍വാസികളാണു കണ്ടെത്തിയത്.

വ്യാഴാഴ്ച മെഡിക്കല്‍ കോളജിനടുത്തുള്ള സഹോദരന്റെ വീട്ടില്‍ പോയ ശേഷം ഇന്നലെ രാവിലെ വീട്ടില്‍ തിരിച്ചെത്തിയതാണു പൊന്നന്‍. തുടര്‍ന്ന് ഭാര്യയുമായി വാക്കു തര്‍ക്കമുണ്ടായെന്നു സമീപവാസികള്‍ പറയുന്നു.

2006ല്‍ നഗരത്തില്‍ വനിതാ സെല്ലില്‍ എസ്െഎ ആയാണു ലീല വിരമിച്ചത്. 2009ലാണു പൊന്നന്‍ വട്ടിയൂര്‍ക്കാവ് സ്‌റ്റേഷനില്‍ എഎസ്‌ഐയായി വിരമിച്ചത്. ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തി കോവിഡ് പരിശോധനാഫലവും വന്ന ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുക. മക്കള്‍: പൊന്നമ്പിളി, പൊന്നഞ്ജലി

follow us: pathram online latest news

pathram:
Related Post
Leave a Comment