ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായിൽ മരിച്ചു

കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (28) ദുബായിൽ മരിച്ചു.

ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ദുബായിൽ സ്വകാര്യകമ്പനിയിൽ എഞ്ചിനീയറായിരുന്നു നിതിൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഗൾഫിലെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവർത്തനായിരുന്നു. കോവിഡ് പ്രവർത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് മരണം.

ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സിച്ചിരുന്നു. വീണ്ടും അസുഖം വന്നിരുന്നുവെന്നും എന്നാൽ ഡോക്ടറെ സമീപിച്ചിരുന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.

ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തിൽ പറക്കാനായത് വലിയ വാർത്തയായിരുന്നു. ജൂലായ് ആദ്യവാരം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്റെ മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു.

Follow us: pathram online latest news

pathram desk 2:
Related Post
Leave a Comment