ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വീട്ടുകാരെ അസഭ്യം പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് പാണ്ഡ്യ

‘കോഫി വിത്ത് കരണ്‍’ എന്ന ടെലിവിഷന്‍ ഷോയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് പൂര്‍ണ ബോധ്യമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് മുന്‍പു തന്നെ സമ്മതിച്ചിട്ടുണ്ട്. അന്നത്തെ പ്രതിസന്ധിയില്‍ കുടുംബം ഉറച്ച പിന്തുണ നല്‍കിയതിനാല്‍ വിഷമമൊന്നും തോന്നിയിട്ടില്ലെന്ന് പാണ്ഡ്യ വ്യക്തമാക്കി. അതേസമയം, താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ആളുകള്‍ വീട്ടുകാരെ അസഭ്യം പറഞ്ഞത് വേദനിപ്പിച്ചെന്ന് പാണ്ഡ്യ വെളിപ്പെടുത്തി.

അന്ന് ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വിവാദമായതോടെ അക്കാര്യം അംഗീകരിക്കാനും സ്വയം തിരുത്താനും ഞാന്‍ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു. അന്ന് സംഭവിച്ചത് തെറ്റായിപ്പോയെന്ന് ഞാന്‍ സമ്മതിച്ചിരുന്നില്ലെങ്കില്‍ ഇപ്പോഴും ഞാന്‍ കുറ്റക്കാരനായി തുടരുമായിരുന്നു. എങ്കിലും അന്ന് സംഭവിച്ച കാര്യങ്ങള്‍ അംഗീകരിക്കാന്‍ എന്റെ വീട്ടുകാര്‍ തയാറായതിനാല്‍ അതേക്കുറിച്ച് വിഷമമൊന്നുമില്ല’ – പാണ്ഡ്യ വ്യക്തമാക്കി.

‘പക്ഷേ, ആ സംഭവത്തിന്റെ പേരില്‍ എന്റെ വീട്ടുകാര്‍ അസഭ്യവര്‍ഷത്തിന് ഇരയായി. അന്ന് സംഭവിച്ചതിനെക്കുറിച്ച് എന്റെ പിതാവ് ഒരു അഭിമുഖത്തില്‍ വിശദീകരിച്ചെങ്കിലും ആളുകള്‍ അതിനെയും പരിഹസിച്ചു ചിരിച്ചു. എന്റെ പ്രവൃത്തി വീട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിച്ചതില്‍ സങ്കടമുണ്ട്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വീട്ടുകാരെ അസഭ്യം പറയുന്നത് അംഗീകരിക്കാനാകില്ല’ – പാണ്ഡ്യ പറഞ്ഞു.

തന്റെ പേരിലുണ്ടായ വിവാദം കുടുംബത്തെ ബാധിച്ചതിനെക്കുറിച്ചും പാണ്ഡ്യ മനസ്സു തുറന്നു. ‘കുടുംബത്തിന് വലിയ വില കൊടുക്കുന്നയാളാണ് ഞാന്‍. വീട്ടുകാരില്ലെങ്കില്‍ ഞാനുമില്ല. കുടുംബമാണ് എക്കാലവും എന്റെ നട്ടെല്ല്. നിങ്ങള്‍ ഇപ്പോള്‍ കാണുന്ന ഈ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പിന്നില്‍ എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളുമാണ്. ഞാന്‍ എപ്പോഴും സന്തോഷവാനായിരിക്കുന്നുവെന്ന് അവര്‍ ഉറപ്പാക്കുന്നു’ – പാണ്ഡ്യ വിശദീകരിച്ചു.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണി’ലെ താരങ്ങളുടെ അതിരുവിട്ട അഭിപ്രായ പ്രകടനങ്ങളുടെ പേരിലാണ് ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍. രാഹുലും വിവാദത്തില്‍ ചാടിയത്. ഒന്നിലധികം സെലിബ്രിറ്റികളുമായി താന്‍ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ടോക് ഷോയില്‍ ഹാര്‍ദിക് പ്രതികരിച്ചത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ ട്വിറ്ററിലൂടെ ഹാര്‍ദിക് ക്ഷമാപണം നടത്തി

അതേസമയം, സ്ത്രീവിരുദ്ധ പരാമര്‍ശത്തിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ ബിസിസിഐ, അതിനു പിന്നാലെ ഇരുവരെയും വിലക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ പര്യടനത്തിലായിരുന്ന ഇരുവരെയും ബിസിസിഐ നാട്ടിലേക്ക് മടങ്ങിവിളിക്കുകയും ചെയ്തു. താരങ്ങളുടെ വാചകമടിയെ തള്ളി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും രംഗത്തെത്തിയിരുന്നു. ഇരുവരെയും ഐപിഎല്‍ മല്‍സരങ്ങളില്‍നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.

Follow us _ pathram online

pathram:
Leave a Comment