അച്ഛൻ അന്ന് കൈക്കൂലി നൽകാത്തതിനാൽ എന്നെ ടീമിൽ എടുത്തില്ല; വെളിപ്പെടുത്തലുമായി വിരാട് കോലി

ഡൽഹി ക്രിക്കറ്റ് അസോസിയേഷനെതിരെ നിർണായക വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. ഇന്ത്യയുടെ സ്റ്റാർ ഫുട്ബോളർ സുനിൽ ഛേത്രിയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ. കോലിയുടെ 18ആം വയസ്സിൽ അദ്ദേഹത്തിൻ്റെ പിതാവ് മരണപ്പെട്ടതാണ്.

‘എന്റെ മാതൃ സംസ്ഥാനമായ ഡൽഹിയിൽ കാര്യങ്ങൾ അത്ര വെടിപ്പായിരുന്നില്ല. എന്നെ ടീമിൽ ഉൾപ്പെടുത്താൻ അസോസിയേഷൻ ഭാരവാഹികളിൽ ഒരാൾ അച്ഛനോട് കൈക്കൂലി ചോദിച്ചത് എനിക്ക് ഓർമയുണ്ട്. എൻ്റെ കഴിവുവച്ച് എനിക്ക് ടീമിൽ സ്ഥാനം കിട്ടുമെങ്കിലും എന്തെങ്കിലും കൂടുതലായി നൽകേണ്ടി വരുമെന്ന് അയാൾ അച്ഛനോടു പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്ത് അഭിഭാഷക വൃത്തി ചെയ്തു പോന്നിരുന്ന ആളാണ് എന്റെ അച്ഛൻ. മധ്യവർഗത്തിൽ നിന്നുള്ള ഒരു സാധാരണക്കാരൻ. അയാൾ പറഞ്ഞ കൂടുതൽ എന്താണെന്നു പോലും അദ്ദേഹത്തിനു മനസിലായില്ല. വിരാടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങൾ ടീമിലെടുക്കൂ, അല്ലാതെ ഞാൻ കൂടുതലായി ഒന്നും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അച്ഛന്റെ പ്രതികരണം. കരുതിയതു പോലെ എനിക്ക് ടീമിൽ സെലക്ഷൻ കിട്ടിയില്ല. അതെന്നെ വല്ലാത ഉലച്ചു കളഞ്ഞു. ഞാൻ പൊട്ടിക്കരഞ്ഞു. പക്ഷേ, ആ സംഭവം എന്നെ ചില വലിയ പാഠങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ വിജയിക്കണമെങ്കിൽ എന്തെങ്കിലും അധികമായി ചെയ്യണം. സ്വന്തം അധ്വാനവും പരിശ്രമവും കൊണ്ട് മാത്രമേ വിജയിക്കാനാകൂ എന്നും ഞാൻ മനസിലാക്കി. എന്റെ അച്ഛൻ വാക്കുകളിലൂടെ മാത്രമല്ല, പ്രവർത്തിയിലൂടെയും എനിക്ക് ശരിയായ വഴി കാണിച്ചുതന്നിരുന്നു.’- കോഹ്‌ലി പറഞ്ഞു.
അച്ഛൻ അർഹിച്ചിരുന്ന റിട്ടയർമെൻ്റ് ജീവിതം നൽകാൻ കഴിയാതിരുന്നതിൽ വിഷമമുണ്ടെന്നും കോലി കൂട്ടിച്ചേർത്തു. പിതാവിൻ്റെ മരണം നടന്നതിനു പിറ്റേ ദിവസം രഞ്ജി ട്രോഫി മത്സരത്തിനായി പാഡണിഞ്ഞ സംഭവവും അദ്ദേഹം ഓർമിച്ചു.

pathram desk 2:
Leave a Comment