റെയ്ഡ് ചെയ്ത മദ്യം ‘ മുക്കി ‘; എസ്‌ഐമാരുൾപ്പടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ

ആലപ്പുഴയില്‍ റെയ്ഡ് ചെയ്ത് മദ്യം കടത്തിക്കൊണ്ടുപോയ 4 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. നടപടി സൗത്ത് സ്റ്റേഷനിലെ രണ്ട് എസ്ഐമാരുള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ്.
കഴിഞ്ഞ ഒന്നാം തീയതിയാണ് സംഭവം. അന്വേഷണത്തിൽ പൊലീസ് സ്റ്റേഷനിൽ മദ്യക്കുപ്പികൾ എത്തിയില്ലെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഒന്നാം തിയ്യതി ഉച്ചയ്ക്കാണ് പ്രവാസിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. വീട്ടില്‍ നിന്ന് കണ്ടെത്തിയ വിദേശമദ്യം എസ്‌ഐയും സംഘവും വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്നായിരുന്നു വീട്ടുകാരുടെ പരാതി. അന്വേഷണത്തില്‍ മദ്യകുപ്പികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയില്ലെന്നും വ്യക്തമായി. പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാഗ്രതകുറവുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. ആദ്യഘട്ടത്തില്‍ ഇവര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ വിദേശമദ്യം എടുത്തിട്ടില്ലെന്നായിരുന്നു ഡിവൈഎസ്പിക്ക് നല്‍കിയ മൊഴി. നാല്‍പ്പതോളം മദ്യകുപ്പികള്‍ കടത്തിയെന്നായിരുന്നു വീട്ടുകാരുടെ പരാതി. ഇക്കാര്യം ശരിയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അമിതമദ്യം കൈവശം വെച്ചതിന് വീട്ടുടമസ്ഥനെതിരെ നടപടിയെടുക്കും.

അതേസമയം കൊച്ചിയിൽ ലോക്ഡൗണിനിടെ വ്യാജമദ്യം വിറ്റതിനു പൊലീസുകാരനടക്കം 2 പേരെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തോപ്പുംപടി സ്വദേശിയായ സിറ്റി പൊലീസ് ജില്ലാ ആസ്ഥാനത്തെ സിപിഒ ദിബിൻ, അയൽവാസി വിഘ്നേഷ് എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് ആസ്ഥാനത്തെ മറ്റൊരു പൊലീസുകാരനായ ബേസിൽ ജോസ് ആണ് മദ്യം തങ്ങൾക്കു തന്നതെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ബേസിൽ ജോസിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. 500 മില്ലിലീറ്ററിന്റെ 29 കുപ്പികൾ വിഘ്നേഷിന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു. കുപ്പികളിലൊന്നും ബെവ്കോയുടെ സീൽ ഇല്ല. കേസ് മട്ടാഞ്ചേരി എക്സൈസ് സർക്കിൾ ഓഫിസിനു കൈമാറി.

pathram desk 2:
Leave a Comment