കോവിഡ് 19: ഏറ്റവും പുതിയ വിവരങ്ങള്‍ ഇതാ..

ഘട്ടംഘട്ടമായും പ്രതികരണാത്മകവുമായ സമീപനത്തിലൂടെയും സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്നു പല നടപടികളാണ് കോവിഡ്- 19 നെ പ്രതിരോധിക്കാനും കീഴ്‌പ്പെടുത്താനും കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടത്. ഇതെല്ലാം ദിവസവും ഉന്നതതലത്തില്‍ വിലയിരുത്തപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

കോവിഡ് ഇതര ആരോഗ്യ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാര്‍ക്ക് കത്തയച്ചു. രക്തദാനം തടസ്സപ്പെടുന്നില്ലെന്നും തലാസീമിയ, ഹീമോഫോബിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ രോഗങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുന്നവര്‍ക്കു രക്തം മാറ്റല്‍ തടസ്സമില്ലാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ സേവന കേന്ദ്രങ്ങള്‍, വിശേഷിച്ചു സ്വകാര്യ മേഖലയിലുള്ളവ, പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവശ്യ വൈദ്യ സഹായം വേണ്ടവര്‍ക്കു തടസ്സമില്ലാതെ ലഭിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഡയാലിസിസ്, രക്തം മാറ്റല്‍, കീമോ തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ സ്ഥിരം രോഗികള്‍ക്കുപോലും പല സ്വകാര്യ ആശുപത്രികളും നിഷേധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഈ നിലപാടു സ്വീകാര്യമല്ലെന്നും സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് എല്ലാ ആരോഗ്യ സേവനവും മുടക്കമില്ലാതെ തുടരണമെന്ന് 2020 ഏപ്രില്‍ 15ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങൡ വ്യക്തമാക്കിയിരുന്നു.

സേവന ദാതാക്കള്‍ക്ക്, വിശേഷിച്ച് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, യാത്രാ സൗകര്യം ഒരുക്കണം. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഡയാലിസിസ് സംബന്ധിച്ച് 2020 ഏപ്രില്‍ ഏഴിനും രക്തദാനവും രക്തം മാറ്റലും സംബന്ധിച്ച് 2020 ഏപ്രില്‍ ഒന്‍പതിനും വ്യവസ്ഥാപിത പ്രവര്‍ത്തന പദ്ധതിയോടുകൂടിയ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
കോവിഡ് ഇതര ആരോഗ്യ കേന്ദ്രത്തിലെ രോഗിക്ക് കോവിഡ്- 19 ബാധയുണ്ടോ എന്നു സംശയം തോന്നുന്നപക്ഷം പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം 2020 ഏപ്രില്‍ 20ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ടിരുന്നു. വൈദ്യസഹായം, വിശേഷിച്ച് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം, ലഭ്യമാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സൗകര്യമൊരുക്കണമെന്നു നിര്‍ദേശിച്ചിരുന്നു.

ഇതുവരെ 8,324 പേര്‍ക്കു ചികില്‍സയിലൂടെ രോഗം ഭേദമായി. 25.19 ശതമാനമാണു സുഖം പ്രാപിക്കുന്ന നിരക്ക്. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടത് 33,050 പേര്‍ക്കാണ്. ഇന്ന് 1718 പേര്‍ക്കാണു രാജ്യത്താകെ രോഗബാധ ഉണ്ടായത്. മരണ നിരക്ക് 3.2 ശതമാനമാണെന്നും അതില്‍ 65 ശതമാനം പുരുഷന്‍മാരും 35 ശതമാനം സ്ത്രീകളും ആണെന്നുമാണു കണക്ക്. മരിച്ചതില്‍ 45 വയസ്സില്‍ കുറവു പ്രായമുള്ളവരുടെ ശതമാനം 14 ആണ്. 34.8 ശതമാനം പേര്‍ 45 മുതല്‍ 60 വരെ പ്രായക്കാരാണ്. അതേസമയം, 60 മുതല്‍ 75 വരെ പ്രായക്കാരാണ് മരിച്ചതില്‍ 42 ശതമാനം പേര്‍. മരിച്ചവരില്‍ 9.2 ശതമാനം പേരാകട്ടെ, 75 വയസ്സിനുമീതെ പ്രായമുള്ളവരുമാണ്.
11 ദിവസംകൊണ്ടാണു നിലവില്‍ രാജ്യത്തു രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത്. എന്നാല്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കുംമുമ്പ് മൂന്നോ നാലോ ദിവസങ്ങള്‍കൊണ്ടായിരുന്നു ഇതു സംഭവിച്ചിരുന്നത്.

ഠരാഗികളുടെ എണ്ണം ഇരട്ടിയാകുന്നതില്‍ ദേശീയ നിരക്കിലും മെച്ചപ്പെട്ട സാഹചര്യമുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇവയാണ്.
11 മുതല്‍ 20 വരെ ദിവസംകൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സംസ്ഥാനങ്ങള്‍ : ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഒഡിഷ, രാജസ്ഥാന്‍, തമിഴ്‌നാട്, പഞ്ചാബ് എന്നിവയാണ്. ഡെല്‍ഹിയും ഇക്കൂട്ടത്തില്‍ പെടും. 20 ദിവസത്തിനും 40 ദിവസത്തിനും ഇടയില്‍ ഇരട്ടിക്കുന്ന സംസ്ഥാനങ്ങള്‍ അസം, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവയാണ്. ഹിമാചല്‍ പ്രദേശിലാകട്ടെ, 40 ദിവസത്തിലേറെ സമയമെടുത്താണു രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത്.

കോവിഡ് 19 മായി ബന്ധപ്പെട്ട ഔദ്യോഗികവും പുതിയതുമായ വിവരങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കായി പതിവായി സന്ദര്‍ശിക്കൂ,
https://www.mohfw.gov.in/.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങള്‍, technicalquery.covid19@gov.in എന്ന മെയില്‍ ഐ.ഡിയിലും മറ്റു സംശയങ്ങള്‍  ncov2019@gov.in എന്ന മെയില്‍ ഐ.ഡിയിലും ഉന്നയിക്കാവുന്നതാണ്.

കോവിഡ് -19മായി ബന്ധപ്പെട്ട ഏത് സംശയത്തിനും ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ് ലൈന്‍ നമ്പറായ +91-11-23978046 ലോ , ടോള്‍ ഫ്രീ നമ്പറായ 1075 ലോ വിളിക്കൂ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കോവിഡ് 19 ഹെല്‍പ് ലൈന്‍ നമ്പറുകള്‍ താഴെ പറയുന്ന വെബ്സൈറ്റിലും ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

pathram desk 2:
Leave a Comment