ഇതിലും രാഷ്ട്രീയക്കളിയോ..? ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയോ..?

കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് വൈകാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.

മാര്‍ച്ച് 20ന് ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചതാണ്. എന്നാല്‍ മാര്‍ച്ച് 23ന് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മാത്രമാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തതെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി. കൊറോണ വൈറസ് മഹാമാരി രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അപ്പോളും കേന്ദ്രം നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ഭീതിയെ തുടര്‍ന്ന് നിരവധി സംസ്ഥാന നിയമസഭകള്‍ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ തന്റെ സര്‍ക്കാര്‍ താഴെ വീഴുന്നത് വരെ പാര്‍ലമെന്റ് സമ്മേളനം തുടര്‍ന്നു. മുഖ്യമന്ത്രിയായിരിക്കെ രാജ്യത്ത് ലോക്ക് ഡൗണ്‍ വരുന്നതിനും മുമ്പുതന്നെ മാര്‍ച്ച് എട്ടിന് ഷോപ്പിങ് മാളുകള്‍, സ്‌കൂളുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്തായിരുന്നു അതൊക്കെ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചിട്ടും അദ്ദേഹം അപഹസിക്കപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോള്‍ നോക്കു, രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായി അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ പരിശോധനകള്‍ കൂടുതലും കേന്ദ്രീകരിക്കുന്നത് സിറ്റികളിലും നഗര മേഖലകളിലുമാണ്. ഗ്രാമങ്ങളില്‍ പരിശോധന നടക്കുന്നില്ല. അഞ്ച് സംസ്ഥാനങ്ങളുമായാണ് മധ്യപ്രദേശ് അതിര്‍ത്തി പങ്കിടുന്നത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 25 മുതല്‍ 30 ശതമാനം വരെ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. അവരെ ഇതുവരെ പരിശോധനയ്!ക്ക് വിധേയരാക്കിയിട്ടില്ല, ഇതൊരു ഭീഷണിയാണെന്നും കമല്‍നാഥ് പറഞ്ഞു. 23 എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോയതോടെയാണ് ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാര്‍ മാര്‍ച്ച് 20 ന് രാജിവെച്ചത്.

pathram:
Related Post
Leave a Comment