രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു; മരണം 149 ആയി

രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 5,000 കടന്നു. 5194 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 4643 പേര്‍ ചികിത്സയിലും 401 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. 149 പേര്‍ മരിച്ചു. രോഗം ബാധിച്ചവരില്‍ 70 പേര്‍ വിദേശികളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 773 പുതിയ കോവിഡ് പൊസിറ്റീവ് കേസുകളും 35 മരണവും റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഡല്‍ഹിയില്‍ പുതിയതായി 51 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 576 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രണ്ടു പേരാണ് ഇവിടെ മരിച്ചതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു. തലസ്ഥാനത്തെ കോവിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് ഉച്ചയ്ക്ക് 12ന് എംപിമാരുമായി ചര്‍ച്ച നടത്തും.

1018 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ഒരാഴ്ചയായി ശരാശരി നൂറിലേറെ കേസുകളാണ് സംസ്ഥാനത്ത് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 150 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 690 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

pathram:
Leave a Comment