എണ്ണ വില: പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനും നിശിത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആഗോള വിപണയില്‍ എണ്ണ വില കുത്തനെ കുറഞ്ഞതിന്റെ നേട്ടം പൊതുജനത്തിന് നല്‍കണമെന്ന തന്റെ ഉപദേശം അവഗണിച്ചുവെന്നും രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

‘ആഗോള എണ്ണ വില തകര്‍ച്ചയുടെ ആനുകൂല്യം രാജ്യത്തെ ജനങ്ങള്‍ക്ക് കൈമാറാന്‍ മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രിയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പെട്രോളിനും ഡീസലിനും വില കുറച്ചുക്കൊണ്ട് നേട്ടം ജനത്തിന് നല്‍കാനായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ഉപദേശം ശ്രദ്ധിക്കുന്നതിന് പകരം നമ്മുടെ പ്രതിഭ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു’. രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ധന വില സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഒഴിഞ്ഞുമാറുന്നതിന്റെ വീഡിയോയും രാഹുല്‍ ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ചയാണ് പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ ലിറ്ററിന് മൂന്ന് രൂപ വീതം എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. ഇതിലൂടെ 39,000 കോടി രൂപയുടെ അധിക നേട്ടമാണ് സര്‍ക്കാരിനുണ്ടാകുക. കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെ സൗദി അറേബ്യ എണ്ണ വില കുത്തനെ കുറച്ചിരുന്നു. ആഗോള വിപണയില്‍ എണ്ണ വില കൂടുന്നതിനനുസൃതമായി ഇന്ധനവില വര്‍ധിപ്പിച്ചിരുന്ന ഇന്ത്യയില്‍ എണ്ണ വില കുത്തനെ കുറഞ്ഞിട്ടും ഇന്ധന വിലയില്‍ കാര്യമായ കുറവ് വരുത്തിയിരുന്നില്ല. ഇത് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്.

pathram:
Related Post
Leave a Comment