പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

മുംബൈ: പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുമതി നിഷേധിച്ചതിനു പിന്നാലെ ഒരു സംഘം ആളുകള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം. പ്രതിഷേധിക്കാന്‍ കോടതി ഇവര്‍ക്ക് അനുമതി നല്‍കി.

‘ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു എന്നതുകൊണ്ടു മാത്രം ആരെയും രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ലെന്നാണ് ഈ കോടതി കരുതുന്നത്. ഇതൊരു പ്രതിഷേധ പ്രകടനം മാത്രമാണ്’, കോടതി നിരീക്ഷിച്ചു. സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ച പോലീസിന്റെയും മജിസ്‌ട്രേറ്റിന്റെയും ഉത്തരവുകള്‍ കോടതി റദ്ദാക്കി.

ബീഡ് ജില്ലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അനിശ്ചിതകാല പ്രതിഷേധം നടത്താന്‍ തീരുമാനിച്ചവര്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഇഫ്‌തേഖര്‍ ഷൈഖ് എന്നയാളുടെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ ടി.വി. നലാവഡെ, എം.ജി.സെവ്‌ലിക്കര്‍ എന്നിരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രതിഷേധം നടത്താന്‍ ജനുവരി 21ന് പോലീസും ജനുവരി 31ന് മജിസ്‌ട്രേട്ടുമാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. മജല്‍ഗാവിലെ ഓള്‍ഡ് ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു പ്രതിഷേധക്കാര്‍ ഉദ്ദേശിച്ചിരുന്നത്. സമാധാനപരമായി പ്രതിഷേധിക്കുക എന്നതു മാത്രമായിരുന്നു ഹര്‍ജിക്കാരനും കൂടെയുള്ളവരും ആഗ്രഹിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി.

pathram:
Leave a Comment