ഹാര്‍ദിക് പട്ടേലിനെ ജനുവരി 18 മുതല്‍ കാണാനില്ലെന്നു ഭാര്യ

അഹമ്മദാബാദ്: ഹാര്‍ദിക് പട്ടേലിനെ ജനുവരി 18 മുതല്‍ കാണാനില്ലെന്നു ഭാര്യ കിഞ്ചല്‍. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും പട്ടേല്‍ പ്രക്ഷോഭ നായകനുമാണ് ഹാര്‍ദിക്. 2015ല്‍ നടന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 18നാണ് അറസ്റ്റ് ചെയ്തത്. 4 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ ജനുവരി 24ന് ജാമ്യം ലഭിച്ചിരുന്നു. 20 കേസുകളാണു ഹാര്‍ദിക്കിന്റെ പേരിലുള്ളത്.

20 ദിവസമായി ഹാര്‍ദിക്കിനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും ഭാര്യ കിഞ്ചല്‍ വിഡിയോയിലൂടെ വ്യക്തമാക്കി. പട്ടീദാര്‍ പ്രക്ഷോഭകര്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് 2017–ല്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹാര്‍ദിക്കിനെ മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. പട്ടീദാര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന, പിന്നീട് ബിജെപിയില്‍ ചേര്‍ന്ന മറ്റു രണ്ടു നേതാക്കള്‍ക്കെതിരെ നടപടിയില്ല. ഹാര്‍ദിക് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതും അവരുടെ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരുന്നതും ഈ സര്‍ക്കാരിന് ഇഷ്ടമല്ലെന്നും കിഞ്ചല്‍ ആരോപിച്ചു.

അതേസമയം, ഹാര്‍ദിക് പട്ടേല്‍ എവിടെയെന്നതിനെക്കുറിച്ചു കൃത്യമായ വിവരമില്ലെങ്കിലും ഫെബ്രുവരി 11ന് നടന്ന !ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയിച്ച അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് വന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഗുജറാത്ത് സര്‍ക്കാര്‍ തന്നെ ജയിലില്‍ ഇടാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഫെബ്രുവരി 10ന് സമൂഹമാധ്യമങ്ങളില്‍ക്കൂടിയും പട്ടേല്‍ ഉന്നയിച്ചിരുന്നു.

pathram:
Leave a Comment