വാക്കു പാലിച്ച് സുരേഷ് ഗോപി; അപ്രതീക്ഷിത സമ്മാനം നേടി അമീർ

നിങ്ങൾക്കുമാകാം കോടീശ്വരനിലെ മത്സരാർഥിക്ക് കീബോർഡ് സമ്മാനിച്ച് സുരേഷ് ഗോപി. കാഴ്ച പരിമിതിയുള്ള അമീർ ജിന്നയ്ക്കാണ് സുരേഷ് ഗോപിയുടെ സ്നേഹ സമ്മാനം. അന്ധതയെ അറിവു കൊണ്ടു തോൽപിച്ച അമീറിന്റെ ജീവിതത്തിലെ വലിയ മോഹമായിരുന്നു ഒരു കീബോർഡ്. അമീറിന്റെ ആഗ്രഹം അറിഞ്ഞ സുരേഷ് ഗോപി അത് സഫലമാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

സംഗീതപഠനത്തിൽ തനിക്ക് ഏറ്റവുമധികം പ്രേത്സാഹനവും സഹായവും നല്‍കി കൂടെ നിന്ന അധ്യാപകൻ ഗോപകുമാറിനെക്കുറിച്ച് അമീർ കോടീശ്വരൻ പരിപാടിയിൽ മനസു തുറന്നിരുന്നു. അമീറിനുള്ള സമ്മാനം കൈമാറാനുള്ള ദൗത്യം സുരേഷ് ഗോപി ഗോപകുമാറിനെയാണ് ഏൽപ്പിച്ചത്. ആ ദൗത്യം അഭിമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുത്ത അദ്ദേഹം, സമ്മാനവുമായി തൊടുപുഴയിലുള്ള അമീറിന്റെ വീട്ടിലെത്തി.

പ്രിയശിഷ്യന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ഗോപകുമാർ, കീബോർഡ് അമീറിനു കൈമാറുകയും കീബോർഡിന്റെ പ്രവർത്തനങ്ങളെ അമീറിനു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഒരുപാടു നാളായുള്ള ആഗ്രഹം സഫലമാക്കിത്തന്ന സുരേഷ് ഗോപിക്ക് അമീർ നന്ദി അറിയിച്ചു.

pathram desk 2:
Leave a Comment