ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാല്‍ ആര്‍ക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്; ഒരു നടന്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞു: സിദ്ദിഖ്

സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്‍ തന്നെയാണെന്ന് സംവിധായകന്‍ സിദ്ദിഖ്.
ബിഗ് ബ്രദര്‍ എന്ന സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമാണെന്നും അതിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഒരാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഇതിനെതിരെ ഒന്നിച്ചുനില്‍ക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് മനോരമ ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞു.

‘എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാല്‍ ആര്‍ക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതും പഴയതലമുറയിലെ സംവിധായകരാണ്.’–സിദ്ദിഖ് പറഞ്ഞു.

‘ഒരു നടന്‍ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് എത്രത്തോളം സത്യമെന്ന് അറിയില്ല. ‘മിമിക്രി സിനിമയില്‍ നിന്നും ഞങ്ങള്‍ മൂന്നാല്‌പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമീപനമുള്ള സ്ഥലത്താണ് ഞങ്ങള്‍ ഇങ്ങനെ നില്‍ക്കുന്നത്.’–സിദ്ദിഖ് പറഞ്ഞു.

pathram:
Related Post
Leave a Comment