ജെഎന്‍യു അക്രമം; ഐഷി ഘോഷ് ഉള്‍പ്പടെ 9 പേരെ അറസ്റ്റ് ചെയ്യാന്‍ നീക്കം

ന്യൂഡല്‍ഹി: ജെഎന്‍യു അക്രമ സംഭവത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെ 9 പേരെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്സാപ്പ് ഗ്രൂപ്പിലെ 37 പേരോടും ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. അതിനിടെ ആക്രമണ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വസ്തുത അന്വേഷണസമിതി ആവശ്യപ്പെട്ടു.

ജനുവരി അഞ്ചിന് നടന്ന മുഖം മൂടി ആക്രമണങ്ങളില്‍ പ്രതിചേര്‍ത്ത ഏഴ് ഇടത് സംഘടന പ്രവര്‍ത്തകരെയും രണ്ട് എബിവിപി പ്രവര്‍ത്തകരെയുമാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇവരെ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനും ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അറസ്റ്റ് വൈകിക്കേണ്ട എന്നാണ് തീരുമാനം. ഇടത് സംഘടനയിലുള്ള വിദ്യാര്‍ഥികളെ ആക്രമിക്കുന്നതിന് ആസൂത്രണം നല്‍കിയ യൂനിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ് ഗ്രൂപ്പിലെ 37 പേര്‍ക്കും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്യാമ്പസില്‍ ആക്രമണം നിയന്ത്രിച്ചതും അക്രമികള്‍ക്ക് രക്ഷപെടാനുള്ള വഴിയൊരുക്കിയതും ഈ വാട്സാപ്പ് ഗ്രൂപ്പ് ആണെന്നാണ് കണ്ടെത്തല്‍.

അതിനിടെ മുഖം മൂടി ആക്രമണം ആസൂത്രിതമാണെന്ന് കോണ്‍ഗ്രസിന്റെ വസ്തുതാ അന്വേഷണ സമിതി കണ്ടെത്തിയത്. സമരം നേരിടുന്നതില്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിനും വിസിക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമി സംഘം ക്യാമ്പസില്‍ കടന്നത് വിസി, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവരുടെ ഒത്താശയോടെയാണെന്നും, ആക്രമണ പരമ്പരയില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളെയും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് സമിതി ആവശ്യപ്പെടുന്നു.

pathram:
Leave a Comment