കോഴിക്കോട്: കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ട് വിഭാഗങ്ങള്‍ക്കും പരാജയത്തിന് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ മുരളീധരന്‍ കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്നും അവകാശപ്പെട്ടു. കോണ്‍ഗ്രസ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും കേരള കോണ്‍ഗ്രസിലെ തമ്മിലടി ജനങ്ങളുടെ മനസ് മടുപ്പിച്ചുവെന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്.
ഇത്രയും വര്‍ഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച മാണി സാറിന്റെ ആത്മാവിനേറ്റ മുറിവാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞ മുരളീധരന്‍, ജനങ്ങള്‍ പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും, കേരള കോണ്‍ഗ്രസുകാര്‍ പരസ്പരം യോജിച്ച് മുന്നോട്ട് നീങ്ങണമെന്നും ഉപദേശിച്ചു. യുഡിഎഫ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാത്തവരെ മുന്നണിയില്‍ നിന്ന് മാറ്റുകയേ നിര്‍വാഹമുള്ളൂവെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.
തമ്മിലടി തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞ കെ മുരളീധരന്‍ അടിയന്തരമായി ഇരുകൂട്ടരും ഒന്നിച്ച് മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിജയത്തില്‍ ഇടത് പക്ഷം മതിമറന്ന് ആഹ്ലാദിക്കേണ്ടെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. ഒരു മാസത്തേക്ക് മാത്രമേ എല്‍ഡിഎഫിന്റെ ആഹ്ലാദത്തിന് ആയുസുള്ളൂ എന്ന് കൂടി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment