വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹര്‍ത്താലില്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളിലും അക്രമങ്ങളിലും നേതാക്കളെയും പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കുറച്ചു കാലങ്ങളായി ഹര്‍ത്താലുകള്‍ സജീവമല്ല. ശബരിമല ആചാര സംരക്ഷണ സമിതി നടത്തിയ ഹര്‍ത്താലിലും പെരിയ ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലിലും നൂറുകണക്കിന് കേസുകളാണ് നേതാക്കളെ പ്രതിയാക്കി ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതോടെയാണ് കേരളത്തില്‍ ഹര്‍ത്താലുകള്‍ക്ക് കടിഞ്ഞാണ്‍ വീണത്.

ദേശീയ പാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് വരുത്തണം എന്നാവശ്യപ്പെട്ട് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പ്രതിഷേധസമരങ്ങള്‍ നടന്നുവരികയാണ്. ദേശീയപാതാ 766ല്‍ നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാന്‍ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

pathram:
Leave a Comment