ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തിലുമുണ്ട്; ബിജെപിയുമായി ബന്ധപ്പെടുത്തരുതെന്ന് എംപി സുനിത

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി ജെ പിയുമായി ബന്ധപ്പെടുത്തരുതെന്ന് ഹരിയാണയിലെ സിര്‍സയില്‍നിന്നുള്ള ബി ജെ പി എം പി സുനിതാ ദുഗ്ഗല്‍. അതിവേഗം സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ കാര്യമാണ് അത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പശ്ചിമ ബെംഗാളിലുണ്ടാകുന്നുണ്ട്. കേരളത്തിലും സംഭവിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബി ജെ പിയല്ല- സുനിത പറഞ്ഞു.

ഇന്ത്യന്‍ റെവന്യൂ സര്‍വീസ് ഉദ്യോഗസ്ഥയായിരുന്ന സുനിത സ്വയം വിരമിക്കലിനു ശേഷം 2014ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമാണ് ബി ജെ പിയില്‍ ചേരാന്‍ തനിക്ക് പ്രചോദനമായതെന്നും സുനിത പറഞ്ഞു. ലോക്സഭയിലെ വനിതാ എം പിമാരുടെ പ്രാതിനിധ്യത്തില്‍ വര്‍ധനയുണ്ടാവാന്‍ വലിയൊരളവില്‍ കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി വനിതാ എം പിമാരാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് കാരണം പ്രധാനമന്ത്രി മോദിയും ബി ജെ പിയുമാണ്. അവര്‍ ഒരുപാട് സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കി. ലോക്സഭയിലെ 78 വനിതകളില്‍ 41 പേരും ബി ജെ പിയില്‍നിന്നാണ്. ഹരിയാണയില്‍നിന്നുള്ള ഏകവനിതാ എം പി കൂടിയായ സുനിത കൂട്ടിച്ചേര്‍ത്തു.

pathram:
Leave a Comment