ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരം; അഭിമാന നിമിഷത്തില്‍ ഇന്ത്യ

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരം. 16ാം മിനിറ്റില്‍ പേടകം ഭൂമിയില്‍ നിന്ന് 181.616 കിലോമീറ്റര്‍ അകലെയുള്ള ആദ്യ ഭ്രമണപഥത്തില്‍ എത്തി. ഇതോടെ വിക്ഷേപണനിലയത്തില്‍ വിജയാരവം മുഴങ്ങി. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 2 വഹിച്ചുയരുന്ന ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്‌സല്‍ ജൂലൈ 20ന് പൂര്‍ത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബര്‍ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

വിക്ഷേപണം കാണാനെത്തിയിരുന്നത് 7500ഓളം പേര്‍. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഗാലറിയില്‍ ഉള്‍ക്കൊള്ളാവുന്ന 7500 പേരും തികഞ്ഞതോടെ നിര്‍ത്തിവച്ചു. ജൂലൈ 15ന് അര്‍ധരാത്രിയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങളെല്ലാം കഠിന പ്രയത്‌നത്തിലൂടെ പരിഹരിച്ച ശാസ്ത്രജ്ഞര്‍ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ അഭിനന്ദനമറിയിച്ചു. പ്രതീക്ഷച്ചതിലും മികച്ച പ്രകടനമാണ് ഇന്ന് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ കാഴ്ച വച്ചതെന്നും അദ്ദേഹം അറിയിച്ചു. മുന്‍ നിശ്ചയിച്ചതിലും ഒരാഴ്ച വിക്ഷേപണം വൈകിയെങ്കിലും പ്രതീക്ഷിച്ചതിലും മികച്ച ഭ്രമണപഥത്തിലാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ എം 1 ചന്ദ്രയാന്‍ രണ്ടിനെ എത്തിച്ചതെന്നാണ് ഡോ കെ ശിവന്‍ പറഞ്ഞത്. ഇനി നടക്കാനിരിക്കുന്ന ഭ്രമണപഥ വികസനത്തിന് ഉള്‍പ്പെടെ ഇത് അനുകൂല ഘടകമാകും. ഇന്നത്തെ വിക്ഷേപണ വിജയത്തിലൂടെ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ വിശ്വസ്തതയും കൂടുകയാണ്.

വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയ്ക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദനം അറിയിച്ചു.

വിക്ഷേപണം വിജയം കൊണ്ട് ചന്ദ്രയാന്‍ പേടകത്തിന്റെ യാത്ര ആരംഭിക്കുന്നതേ ഉള്ളൂ, പുതുക്കിയ പദ്ധതി പ്രകാരം ഇനി 23 ദിവസം ചന്ദ്രയാന്‍ രണ്ട് ഭൂമിയെ ഭ്രമണം ചെയ്യും. 23 ആം ദിവസം ചന്ദ്രയാന്‍ ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും, ഏഴ് ദിവസം കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഉപഗ്രഹം പതിമൂന്ന് ദിവസം ചന്ദ്രനെ ഭ്രമണം ചെയ്ത ശേഷം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തും. ഇവിടെ വച്ച് ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും വേര്‍പിരിയും. യാത്ര തുടങ്ങി 48 ആം ദിവസം വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും, ഇനി കാത്തിരിപ്പ് ആ ദിവസത്തിനായാണ്. സെപ്റ്റംബര്‍ ഏഴിനായിരിക്കും ആ ചരിത്ര നിമിഷമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയാണു 2008 ഒക്ടോബറില്‍ ചന്ദ്രയാന്‍1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്.

pathram:
Related Post
Leave a Comment