തകരാര്‍ പരിഹരിച്ചു; ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്നാണ് വിക്ഷേപണം.

15-ന് പുലര്‍ച്ചെ 2.51-നായിരുന്നു ചന്ദ്രയാന്‍-രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്നം പരിഹരിച്ചതായി ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്. 15-ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കുശേഷം സെപ്റ്റംബര്‍ ആറിന് പേടകത്തില്‍നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ നീക്കം.

23-നുശേഷമാണ് വിക്ഷേപണമെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടുതല്‍ ഇന്ധനം വേണ്ടിവരും. കൂടാതെ, ചന്ദ്രനെ വലംെവക്കുന്ന ഓര്‍ബിറ്ററിന്റെ കാലാവധി ഒരുവര്‍ഷത്തില്‍നിന്ന് ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. അതു കൊണ്ടാണ് 22 ന് തന്നെ വിക്ഷേപിക്കുന്നത്.

pathram:
Related Post
Leave a Comment