വീണ്ടും രാജി; കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയില്‍; കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നു…

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടും രാജി. സ്വതന്ത്ര എംഎല്‍എ എച്ച്. നാഗേഷാണ് ഏറ്റവും ഒടുവില്‍ രാജിവച്ചത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ഓപ്പറേഷന്‍ കമലയുമായി ബിജെപി ആദ്യം ശ്രമിച്ചപ്പോള്‍ അതിനൊപ്പം നിന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നാഗേഷ് ഒരുമാസം മുമ്പാണ് ഭരണപക്ഷത്തിനൊപ്പം ചേര്‍ന്ന് മന്ത്രിയായത്. ബിജെപി സര്‍ക്കാരുണ്ടാക്കിയാല്‍ പിന്തുണക്കുമെന്നും എച്ച്. നാഗേഷ് കത്ത് മുഖേന അറിയിച്ചിട്ടുണ്ട്.

ഇതിനിടെ കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റഹീം ഖാനും ഉടന്‍ രാജിനല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച റഹീം ഖാന്‍ തന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമെന്നും പരിഹാരമായില്ലെങ്കില്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനാകുമെന്നും പിടിഐയോട് അദ്ദേഹം പറഞ്ഞു.

കെ.സി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പാര്‍ട്ടി നടപടി നേരിട്ട ശിവാജിനഗര്‍ എംഎല്‍എ റോഷന്‍ ബെയ്ഗും റിബല്‍ ക്യാമ്പുമായി ബന്ധപ്പെടുന്നുണ്ട്. ബെയ്ഗും കൂടി രാജി രാജിവച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. രാജിനല്‍കിയവരുടെ രാജിക്കത്തുകള്‍ ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല.

കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലാണ് സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. മന്ത്രിസഭ അടിമുടി പുന:സംഘടിപ്പിക്കുമെന്ന് ഡി.കെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷ് അറിയിച്ചു. വിമതര്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഇതുവരെ അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പ്രതികരിച്ചു. ഇപ്പോള്‍ വിമത നീക്കത്തിന് നേതൃത്വം കൊടുക്കുന്ന മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനുള്ള നിര്‍ദേശവും ഒരു ഫോര്‍മുലയായി മുന്നോട്ടുവച്ചിട്ടുണ്ട്. കുമാരസ്വാമിയെ തന്നെ മുഖ്യമന്ത്രിയാക്കി സമ്പൂര്‍ണ അഴിച്ചുപണി എന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് പ്രശ്നപരിഹാരത്തിന് പരിഗണിക്കുന്നത്. യു.ടി ഖാദറും കെ.ജെ ജോര്‍ജും അടക്കമുള്ളവര്‍ രാജിസന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

മറുവശത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ വസതി കേന്ദ്രീകരിച്ചാണ് ബിജെപിയുടെ നീക്കങ്ങളും കൂടിയോലാചനകളും നടക്കുന്നത്. ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് വൈകുന്നേരം ചേരുമെന്ന് ആര്‍ അശോക് അറിയിച്ചു. യെദ്യൂരപ്പയുടെ വിശ്വസ്തയായ നേതാവ് ശോഭ കരന്തലജയും യെദ്യൂരപ്പയുടെ വസതിയില്‍ ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുണ്ട്.

pathram:
Leave a Comment