കടവുകള്‍ ഗര്‍ജിച്ചു; ദക്ഷിണാഫ്രിക്കയുടെ ജീവന്‍ പോയി…

അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 331 റണ്‍സ് വിജയലലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ 309 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 21 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയം നേടുന്നത്. നേരത്തെ 2007 ലോകകപ്പില്‍ അവര്‍ ദക്ഷിണാഫ്രിക്കയെ 67 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

അര്‍ധ സെഞ്ചുറിയ നേടിയ ഫാഫ് ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടോപ്പ് സ്‌കോറര്‍. 53 പന്തില്‍ ഡുപ്ലെസി 62 റണ്‍സ് നേടി. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഡുപ്ലെസിയുടെ ഇന്നിങ്‌സ്. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് 23 റണ്‍സും എയ്ഡന്‍ മാര്‍ക്രം 45 റണ്‍സും നേടി. ഡേവിഡ് മില്ലര്‍ 38 റണ്‍സും റാസി വാന്‍ ഡര്‍ഡസന്‍ 41 റണ്‍സും ജെ.പി ഡുമിനി 45 റണ്‍സും നേടി.

10 ഓവറില്‍ 67 റണ്‍സ് വഴങ്ങി ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മുന്ന വിക്കറ്റ് വീഴ്ത്തി. എട്ട് ഓവറില്‍ 57 റണ്‍സ് വഴങ്ങി മുഹമ്മദ് സൈഫുദ്ദീന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസ്സന്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഏകദിനത്തിലെ തങ്ങളുടെ ഏറ്റവുമയര്‍ന്ന സ്‌കോര്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ബംഗ്ലാദേശ് വെച്ചത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്. ലോകകപ്പ് ചരിത്രത്തിലും ബംഗ്ലാദേശിന്റെ ഏറ്റവുമയര്‍ന്ന സ്‌കോര്‍ ആണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ പോലും പതറിയില്ല. ഇമ്രാന്‍ താഹിറും കാഗിസോ റബാദേയും ലുങ്കി എന്‍ഗിഡിയും ഫെലുക്വായും അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയെ അവര്‍ അനായാസം നേരിട്ടു. ഓപ്പണിങ് വിക്കറ്റില്‍ തന്നെ പിറന്നത് 60 റണ്‍സിന്റെ കൂട്ടുകെട്ട്. ഇത് അടിത്തറയായി. 16 റണ്‍സെടുത്ത തമീം ഇഖ്ബാലിനെ പുറത്താക്കി ഫെലുക്വായോ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ സൗമ്യ സര്‍ക്കാറും ക്രീസ് വിട്ടു. അപ്പോഴേക്കും 30 പന്തില്‍ സൗമ്യ 42 റണ്‍സ് അടിച്ചിരുന്നു.

പിന്നീടാണ് ബംഗ്ലാദേശിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. മൂന്നാം വിക്കറ്റില്‍ ഷാക്കിബുല്‍ ഹസനും മുഷ്ഫിഖുര്‍ റഹീമും ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 142 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട്. ലോകകപ്പില്‍ ബംഗ്ലാദേശ് നേടുന്ന ഏറ്റവുയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ് സ്‌കോര്‍ ആണിത്. ഷക്കീബ് 84 പന്തില്‍ 75 റണ്‍സ് നേടിയപ്പോള്‍ 80 പന്തില്‍ 78 റണ്‍സായിരുന്നു മുഷ്ഫിഖുറിന്റെ സംഭാവന.

പിന്നീട് അവസാന ഓവറുകളില്‍ മൊസദെക് ഹുസൈനും മഹ്മൂദുള്ളയും അടിച്ചുതര്‍ത്തു. മൊസദെക് 20 പന്തില്‍ 26 റണ്‍സ് നേടിയപ്പോള്‍ മഹ്മദൂള്ള ആയിരുന്നു കൂടുതല്‍ അപകടകാരി. 33 പന്തില്‍ പുറത്താകാതെ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സാണ് മഹ്മൂദുള്ള നേടിയത്.

റബാദ 10 ഓവറില്‍ 57 റണ്‍സ് വഴങ്ങിയപ്പോള്‍ ഫെലുക്വായൊ വഴങ്ങിയത് 52 റണ്‍സ് ആണ്. ക്രിസ് മോറിസ് 73 റണ്‍സ് വിട്ടുകൊടുത്തു. ഇമ്രാന്‍ താഹിര്‍ 57 റണ്‍സ് വഴങ്ങി. നാല് ഓവര്‍ മാത്രം എറിഞ്ഞ എന്‍ഗിഡി പരിക്കേറ്റ് ഗ്രൗണ്ട് വിട്ടതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

pathram:
Related Post
Leave a Comment