രണ്ടാം മോദി മന്ത്രിസഭയില്‍ ആരൊക്കെ ഇടം നേടും..? പെരുന്നാളിന് ശേഷം ആദ്യ സമ്മേളനം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. ഇതിന്റെ ഭാഗമായി സഖ്യകക്ഷി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഘടകകക്ഷികള്‍ക്ക് എത്ര മന്ത്രിസ്ഥാനം നല്‍കണം എന്നതടക്കമുളള കാര്യങ്ങളിലാകും ചര്‍ച്ച. മകന്‍ ചിരാഗ് പസ്വാന് മന്ത്രിസ്ഥാനം നല്കണമെന്ന നിലപാടിലാണ് ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍. തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വം മകന്‍ ഒപി രവീന്ദ്രന് മന്ത്രിസ്ഥാനം ഉറപ്പാക്കാനായി രംഗത്തുണ്ട്.

കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, വി മുരളീധരന്‍ എന്നിവര്‍ രണ്ടാം മോദി സര്‍ക്കാരില്‍ ഇടം നേടിയേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്. മറ്റന്നാള്‍ വൈകിട്ടാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റത്. ഇത്തവണയും ആദ്യ പട്ടിക ചെറുതാവാനാണ് സാധ്യത.

മാധ്യമങ്ങളല്ല മന്ത്രിസഭ തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ പറഞ്ഞിരുന്നു. അമിത് ഷാ മന്ത്രിസഭയിലേക്ക് വരുന്നു എന്നതുള്‍പ്പടെയുള്ള അഭ്യൂഹങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോഴാണ് മോദിയുടെ പരാമര്‍ശനം. അമിത് ഷാ മന്ത്രിസഭയിലേക്ക് വന്നാല്‍ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവിന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് ഏഴിന് മന്ത്രിസഭാ രൂപീകരണം നിശ്ചയിച്ചെങ്കിലും മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും ബിജെപി തുടങ്ങിയിട്ടില്ല.

പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം പെരുന്നാളിന് ശേഷം ആറിന് തുടങ്ങാനാണ് ആലോചന. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പത്തിനാകും. രാഷ്ട്രപതിയുടെ പ്രസംഗവുമുണ്ടാകും. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്കിക്കൊണ്ടാവും മോദിയുടെ ആദ്യ പ്രസംഗം. രാജ്യസഭയില്‍ ഭൂരിപക്ഷം ഇപ്പോഴും ഇല്ലാത്ത പശ്ചാത്തലത്തില്‍ വൈഎസ്ആര്‍കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജു ജനതാദള്‍ എന്നിവയെ കൂടെ നിറത്താനാണ് തീരുമാനം. മൂന്നു പാര്‍ട്ടികള്‍ക്കുമായി 17 എംപിമാരാണ് രാജ്യസഭയില്‍ ഉള്ളത്. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടാന്‍ രണ്ടായിരത്തി 22 വരെ കാത്തിരിക്കണം.

pathram:
Leave a Comment