മോദി ഭ്രാന്തനെപ്പോലെ, ഇങ്ങനെ കള്ളം പറയാന്‍ നാണമില്ലേ..? നിങ്ങളെ ജയിലില്‍ അടയ്ക്കാന്‍ ഞങ്ങള്‍ക്കറിയാം: മോദിക്കെതിരേ ആഞ്ഞടിച്ച് മമത

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ തകര്‍ക്കപ്പെട്ട ബംഗാളി നവോത്ഥാനനായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനര്‍നിര്‍മിക്കാന്‍ മോദിയുടെ സഹായം വേണ്ടെന്ന് മമതാ ബാനര്‍ജി. പ്രതിമ പഞ്ചലോഹങ്ങള്‍ കൊണ്ട് പുനര്‍നിര്‍മിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനോട് പ്രതികരിക്കുകയായിരുന്നു മമത.

”ബിജെപി തന്നെ തകര്‍ത്ത പ്രതിമ വീണ്ടും നിര്‍മിക്കാന്‍ ബംഗാളിനറിയാം. അതിന് മോദിയുടെ പണം ആവശ്യമില്ല”, മമത പറഞ്ഞു. പ്രതിമ നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി 200 വര്‍ഷത്തെ സംസ്‌കാരവും ചരിത്രവും തിരിച്ചു തരുമോ എന്നും മമത ചോദിച്ചു.

”മോദിക്ക് തന്റെ ശക്തി അറിയില്ല. ആയിരം ആര്‍ എസ് എസുകാരും മോദിയും ചേര്‍ന്നാലും തന്നെ നേരിടാനാകില്ല. ഭ്രാന്തനെപ്പോലെയാണ് മോദി സംസാരിക്കുന്നത്. തന്റെ റാലിയെ മോദി ഭയക്കുന്നു. മധൂര്‍പൂരില്‍ റാലി നടത്തരുതെന്ന് എസ്പിജി ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്താന്‍ ബിജെപി ശ്രമിക്കുന്നു”, മമത പറഞ്ഞു. വാഗ്ദാനങ്ങളല്ലാതെ മോദി ഒന്നും ചെയ്തിട്ടില്ലെന്നും മമത ആരോപിച്ചു.

”ഇങ്ങനെ കള്ളം പറയാന്‍ മോദിക്ക് നാണമില്ലേ? കള്ളന്‍. പറഞ്ഞ ഓരോ ആരോപണവും തെളിയിക്കണം. ഇല്ലെങ്കില്‍ നിങ്ങളെ ജയിലില്‍ അടയ്ക്കാന്‍ ഞങ്ങള്‍ക്കറിയാം”, മമത ആഞ്ഞടിച്ചു.

പരസ്യപ്രചാരണം ഇന്നത്തോടെ അവസാനിപ്പിക്കണമെന്ന് ഉത്തരവിട്ട തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മമത രൂക്ഷവിമര്‍ശനമുയര്‍ത്തി. ”മോദിയുടെ റാലി കഴിഞ്ഞാല്‍ പ്രചാരണം അവസാനിപ്പിച്ചോളണമെന്നാണ് കമ്മീഷന്റെ ശാസനം. കമ്മീഷനും മോദിയും ‘ഭായ് – ഭായ്’ ആണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ മോദി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്”, മമത ആരോപിച്ചു.

അക്രമത്തില്‍ തകര്‍ക്കപ്പെട്ട ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ പുനര്‍നിര്‍മിക്കുമെന്ന് മോദി ഉത്തര്‍പ്രദേശില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചിരുന്നു.

പ്രതിമ തകര്‍ത്തത് എബിവിപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വീഡിയോകള്‍ പുറത്തു വിട്ടിരുന്നു. ബംഗാള്‍ ജനതയുടെ വികാരപ്രശ്‌നം കൂടിയായ പ്രതിമ തകര്‍ക്കല്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് മോദിയുടെ പ്രഖ്യാപനം. മോദിക്കെതിരെ മമത പ്രധാന പ്രചാരണായുധമാക്കുന്നതും പ്രതിമ തകര്‍ത്തത് തന്നെയാണ്.

pathram:
Leave a Comment