ഫോനി ചുഴലിക്കാറ്റിനിടെ പ്രധാനമന്ത്രി രണ്ടുതവണ വിളിച്ചു; മമത പ്രതികരിച്ചില്ല

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാനായി പ്രധാനമന്ത്രി രണ്ടുതവണ വിളിച്ചുവെങ്കിലും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചില്ലെന്ന് പരാതി. രണ്ടു തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മമത മറുപടി നല്‍കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആരോപണം.

ഉദ്യോഗസ്ഥര്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. തിരികെ വിളിക്കാമെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി യാത്രയിലാണെന്ന മറുപടി ഒരുതവണ ലഭിച്ചു. എന്നാല്‍, തിരികെ വിളിക്കുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല – ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പശ്ചിംബംഗാള്‍ ഗവര്‍ണറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും അവര്‍ വിശദീകരിച്ചു.

ഫോനി ചുഴലിക്കാറ്റില്‍പ്പെട്ട് സംസ്ഥാനം പ്രതിസന്ധി നേരിട്ടപ്പോള്‍പോലും മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രധാനമന്ത്രി ബന്ധപ്പെട്ടില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്. ഫോനി ചുഴലിക്കാറ്റിന് ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തെയും പുനരധിവാസത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മോദി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി ബന്ധപ്പെട്ടുവെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെ വിളിക്കാന്‍ പോലും തയ്യാറായില്ലെന്നും ആയിരുന്നു മമതയുടെ വിമര്‍ശം.

pathram:
Leave a Comment