ചാലക്കുടിയില്‍ യുഡിഎഫിന് തിരിച്ചടി; ഇടതുപക്ഷത്തിന് പിന്തുണയറിയിച്ച് യാക്കോബായ സഭ

ചാലക്കുടി മണ്ഡലത്തില്‍ പ്രചാരണത്തില്‍ വന്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഇടതുപക്ഷത്തിന് ആശ്വാസമേകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭയുടെ നിലപാട് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന നിലപാടാണ് യാക്കോബായ സഭയുടെ പരമ മേലധ്യക്ഷനായ തോമസ് പ്രഥമന്‍ കാത്തോലിക്ക ബാവ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇരുപതു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളില്‍ യാക്കോബായ സഭാപ്രതിനിധി ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ മാത്രമാണ്. എന്നാല്‍ ഇവിടെയും ഇടതിനൊപ്പമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍, കുന്നത്തുനാട്, അങ്കമാലി, ആലുവ എന്നീ അസംബ്ലി മണ്ഡലങ്ങളിലാണ് കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ യാക്കോബായ വിശ്വാസികളും പള്ളികളും ഉള്ളത്. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം യാക്കോബായ വിശ്വാസികളായ വോട്ടര്‍മാരാണ് ഇവിടെയുള്ളത്. അങ്കമാലി ഭദ്രാസനത്തിനു കീഴിലുള്ള ഇവിടെ തോമസ് പ്രഥമന്‍ ബാവയുടെ വാക്കുകള്‍ വിശ്വാസികള്‍ തള്ളിക്കളയാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് ലഭിച്ച ഈ വോട്ടുകളില്‍ ഭൂരിഭാഗവും ഇത്തവണ എല്‍ഡിഎഫിന് ലഭിക്കാനാണ് സാധ്യത.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കു ശേഷം സഭയ്ക്കൊപ്പം നിന്നത് ഇടതു മുന്നണി ഭരിക്കുന്ന സര്‍ക്കാരാണ്. ഇതാണ് ഇത്തവണ ഇടതുപക്ഷത്തെ പിന്തുണക്കാന്‍ യാക്കോബായ സഭയെ പ്രേരിപ്പിച്ചത്.

pathram:
Leave a Comment