റഫാല്‍ ഇടപാട്: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ സുപ്രീംകോടതി നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

വിശേഷാധികാരമുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട രേഖകള്‍ പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം തെളിവായി സ്വീകരിക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് പിന്നാലെയായിരുന്നു പരാതിക്കിടയാക്കിയ രാഹുലിന്റെ പ്രസംഗം. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന തന്റെ നിലപാട് സുപ്രീംകോടതി ശരിവെച്ചു എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി സുപ്രീംകോടതി സമീപിക്കുകയായിരുന്നു.

പരാതിയില്‍ പറയുന്നത് പോലെ ഞങ്ങള്‍ അത്തരത്തിലൊരു നീരീക്ഷണം നടത്തിയിട്ടില്ല. ഞങ്ങളുടെ ഉത്തരവ് മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ തെറ്റായി വ്യാഖ്യാനം ചെയ്യരുത്. രേഖകള്‍ തെളിവായി പരിഗണിക്കാമെന്ന് മാത്രമെന്ന തീരുമാനം മാത്രമാണ് ഞങ്ങള്‍ എടുത്തതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

pathram:
Leave a Comment