സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ഓണത്തിന് എത്തും

സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് റിപ്പോര്‍ട്ട്.മമ്മൂട്ടി മമ്മൂട്ടി സിബിഐ സേതുരാമയ്യരായി തകര്‍ത്തഭിനയിച്ച സിനിമയുടെ നാലു ഭാഗങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.സിബിഐ പശ്ചാത്തലത്തിലുള്ള കഴിഞ്ഞ നാല് സിനിമകള്‍ക്കും തിരക്കഥയൊരുക്കിയ എസ് എന്‍ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. കെ മധു സംവിധാനവും. മധുവിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ കൃപയുടെ ബാനറില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. തിരക്കുകള്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി ഉടന്‍ തന്നെ സിനിമയുടെ സെറ്റില്‍ പ്രവേശിക്കുമെന്നാണ് സൂചന. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയാണ് മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം.
1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പാണ് സീരീസിലെ ആദ്യ ചിത്രം. അതില്‍ മുകേഷിനും ജഗതി ശ്രീകുമാറിനുമൊപ്പം സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടിയുടെ വലം കൈയായ ഹാരിയെന്ന കഥാപാത്രമായി സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പ്. പിന്നീട് 1989ല്‍ രണ്ടാം ഭാഗമായ ജാഗ്രത റിലീസായപ്പോള്‍ ചിത്രത്തില്‍ സുരേഷ്‌ഗോപിയുണ്ടായിരുന്നില്ല. ഈ രണ്ട് ഭാഗങ്ങളും നിര്‍മ്മിച്ചത് എം മണിയായിരുന്നു. മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐയില്‍ കലാഭവന്‍മണിയുടെ ഈശോ അലക്‌സ് എന്ന കേന്ദ്ര കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് കുമാറും നവ്യാനായരും ചിത്രത്തിലുണ്ടായിരുന്നു.
ഏറ്റവുമൊടുവില്‍ 2005ലാണ് നേരറിയാന്‍ സിബിഐ ഇറങ്ങിയത്. തിലകന്‍, ജിഷ്ണു, ഗോപിക, സംവൃത സുനില്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരന്നത്. ഇവയിലെല്ലാം മമ്മൂട്ടിയുടെ വലംകൈയായ ചാക്കോ ആയി മുകേഷും വിക്രമായി ജഗതി ശ്രീകുമാറും സ്വതസിദ്ധമായ അഭിനയപാടവങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മൂന്നും നാലും ഭാഗങ്ങള്‍ നിര്‍മ്മിച്ചത് കെ മധു തന്നെയാണ്. ശ്യാം ആണ് മൂന്ന് സിനിമകള്‍ക്ക് സംഗീതം പകര്‍ന്നത്. ക്രിമിനല്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട ത്രില്ലടിപ്പിക്കുന്ന വ്യത്യസ്ത കഥാസന്ദര്‍ഭങ്ങളുമായി കഴിഞ്ഞ നാല് ഭാഗങ്ങളും ബോക്‌സോഫീസ് ഹിറ്റുകളായിരുന്നു.

അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടി സിബിഐയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായാണ് എത്തുക എന്നാണ് സൂചന. ഒരു യുവനടനും ചിത്രത്തില്‍ പ്രധാന റോളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

pathram:
Related Post
Leave a Comment