എന്റെ ഷൂ കാലില്‍ നിന്ന് ഊരിയത് പ്രിയങ്കയായിരുന്നു അപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് പറയാനുള്ളത്

രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ പരിചരിച്ച രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും പ്രവര്‍ത്തിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ച.പ്രിയങ്കാ ഗാന്ധി പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ റിക്‌സന്റെ ഷൂസ് കൈയില്‍ പിടിച്ച സംഭവം നാടകമാണെന്ന് വരെ വലിയ രീതിയിലാണ് പ്രചരിപ്പിക്കുന്നത്. ഇതിനിടെ പരിക്കേറ്റ റിക്‌സന്‍ തന്നെ വിശദീകരണവുമായി വന്നിരിക്കുകയാണ്. ചങ്ക് പറിച്ച് കാണിക്കുന്ന എല്ലാവരോടും ചെമ്പരത്തി പൂവാണോ എന്ന് ചോദിക്കരുതേ എന്ന് അപേക്ഷ തന്റെ ഫെയ്‌സ്ബുക്ക് വാളില്‍ കുറിച്ചാണ് റിക്‌സന്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. റിക്‌സന്റെ ആദ്യ പ്രതികരണവുമാണിത്.

ഫെയ്‌സ് ബുക്ക് പോസ്റ്റ്
……………………………………………
കഴിഞ്ഞ രണ്ട് ദിവസം എവിടെയാരുന്നു ഇവന്‍ എന്നാകും നിങ്ങള്‍ അദ്യം ചിന്തിക്കുക. ഇപ്പോഴും കടുത്ത വേദനയുണ്ട് ഈ കുറിപ്പ് ഇപ്പോള്‍ ഇട്ടില്ലേല്‍ അത് ശരിയാവില്ലെന്ന് തോന്നി. വീഴ്ച്ചയില്‍ വലത് കൈപത്തിക്ക് പൊട്ടല്‍ ഉണ്ട് തോളെല്ലന്നും പരിക്കുണ്ട്. ഇന്ന്(ശനിയാഴ്ച) അതിരാവില്ലെയാണ് വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.

വണ്ടിയില്‍ നിന്നു വീണതിന് ശേഷം ഒത്തിരി കോളുകള്‍ വന്നു. പ്രിയപ്പെട്ടവരുടെ സ്‌നേഹത്തിനും കരുതലിനും നന്ദി. വിളിച്ചവരില്‍ ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് എന്റെ ഷൂസിനെ പറ്റിയാണ് ചിലര്‍ക്ക് വീഴ്ച്ച ‘ഒറിജിനല്‍’ ആരുന്നോ എന്ന് മറ്റ് ചിലര്‍ക്ക് എന്റെ രാഷ്ട്രീയവും

എനിക്ക് വ്യക്തമായ രാഷ്ട്രീയബോധം ഉണ്ടെന്ന് മാത്രമല്ല പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പക്ഷെ അത് ഒരിക്കലും എന്റെ തൊഴിലില്‍ ഞാന്‍ കലര്‍ത്തിയിട്ടില്ല, കലര്‍ത്താന്‍ ഉദ്ദേശിക്കുന്നുമില്ല .
ഈ അപകടവുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. അത് അവരുടെ കഞ്ഞിയുടെയും രാഷ്ട്രീയത്തിന്റെയും കാര്യം . അതിലും എനിക്ക് കുഴപ്പമില്ല. ഞാന്‍ കണ്ടതും അനുഭവിച്ചതുമായ കുറച്ച് കാര്യം ഞാന്‍ പറയാം.

വ്യാഴാഴ്ച്ച രാത്രിയോടെയാണ് രാഹുല്‍ ഗാന്ധിയുടെ നോമിനേഷന്‍ സമര്‍പ്പണവുമായ് ബന്ധപ്പെട്ട് വയനാട്ടിലെത്തിയത്. വ്യാഴാഴ്ച നല്ല തിരക്കുള്ള ദിവസമായിരുന്നു ആദ്യ ബുള്ളറ്റിന്‍ മുതല്‍ കളക്ടറേറ്റിന് മുന്നില്‍ നിന്ന് ലൈവ് നല്‍കി. പതിനൊന്ന് മണിയോടെയാണ് മാധ്യമങ്ങള്‍ക്കായ് ഒരുക്കിയ മിനി ടെമ്പോ വാനിലേക്ക് കയറിയത്. നിന്ന് തിരിയാന്‍ ഇടമില്ലാരുന്നു എങ്കിലും അതില്‍ കയറിയാല്‍ നല്ല വിഷ്വലും ഒരു പി.ടു.സി യും ചെയ്യാന്‍ പറ്റുമെന്ന് തോന്നി. ദൂരം കൂടുതല്‍ ഉള്ളത് കൊണ്ട് വാളണ്ടിയേഴ്‌സ് വണ്ടിയുടെ ഇരുവശത്തും തുങ്ങി നിന്നാണ് റോഡ് ക്ലിയര്‍ ചെയ്തത്. പതിയേ ഞാന്‍ ഇരു സൈഡിലും ഇരുമ്പ് കമ്പികള്‍ കൊണ്ടുള്ള ബാരിക്കേഡിന്റെ മുകളില്‍ സ്ഥാനമുറപ്പിച്ചു. യാത്രയുടെ ആദ്യ അര മണിക്കൂര്‍ ശേഷം അവിടെയിരുന്നാണ് ലൈവ് നല്‍കാന്‍ ശ്രമിച്ചത് എന്നാല്‍ ജാമറിന്റെ പ്രശ്‌നം കാരണം ഒന്നും നടന്നില്ല.

ഹമ്പുകള്‍ കേറുമ്പോള്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒഴിച്ച് സേഫ് ആയിരുന്നു ആ ഇരിപ്പ്. റോഡ് ഷോ തീര്‍ന്ന ശേഷം ഹെലിപ്പാടുള്ള ഗ്രൗണ്ടിലേക്ക് ആദ്യം കയറിയത് ഞങ്ങളുടെ വണ്ടിയാണ്. വണ്ടി തിരിഞ്ഞതും കൂറെ ആളുകള്‍ ഒരു സൈഡിലേക്ക് തിരിഞ്ഞു ,തൂങ്ങി കിടന്നവര്‍ കൂടുതല്‍ ബലം നല്‍കി ബാരിക്കേഡ് പൂര്‍ണമായി തകര്‍ന്ന് ഏറ്റവും മുകളില്‍ ഇരുന്ന ഞാന്‍ താഴെ വീണു. വണ്ടി അപ്പോഴും മൂവിംഗില്ലാരുന്നു. അത്ര ഉയരത്തില്‍ നിന്ന് നെഞ്ചും വലതു കൈപത്തിയും ഇടിച്ച് വീണ എനിക്ക് ഒരു മരവിപ്പ് മാത്രമായിരുന്നു ,ആരൊക്കെയോ ദേഹത്തേക്ക് വീണു. പെട്ടെന്നു തന്നെ എല്ലാവരും ഓടിയെത്തി സഹായിച്ചു.

രാഹുലും പ്രിയങ്കയും വന്നതോടെ കാര്യങ്ങള്‍ വേഗത്തിലായതെന്ന് ഇപ്പോള്‍ തോന്നുന്നു. അവര്‍ രണ്ടുപേരും ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഞങ്ങള്‍ക്ക് ചികിത്സ വൈകുമായിരുന്നു എന്ന് മാത്രമല്ല, ആ തിരക്കിനിടയില്‍ കൂടി ആശുപത്രിയില്‍ എത്തുവാന്‍ പോലും സാധിക്കില്ലായിരുന്നു.

എന്റെ ഷൂ കാലില്‍ നിന്ന് ഊരിയതും ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചതും പ്രിയങ്ക ഗാന്ധിയാണ്. അതിനെ അവരവരുടെ സംസ്്കാരവും വളര്‍ന്ന സാഹചര്യവും അനുസരിച്ച് എങ്ങനെയും വ്യഖ്യാനിക്കാം. എനിക്ക് അത് ഒരു ഫസ്റ്റ് എയ്ഡ് ആയിരുന്നു. അപകടം പറ്റിയ ആള്‍ക്ക് പരമാവധി ശുദ്ധവായു ലഭ്യമാക്കാനാണ് അവര്‍ ശ്രമിച്ചത്.

എന്നാല്‍ അവര്‍ എന്റെ ഷൂ നഷ്ടപ്പെടാതെ കയ്യില്‍ പിടിച്ചിരിക്കുന്ന വീഡിയോ ഞാന്‍ കണ്ടു. ആ പ്രവര്‍ത്തിക്ക് പക്ഷേ ഫസ്റ്റ് എയ്ഡ് നെ പറ്റി ഉള്ള അറിവ് മാത്രം പോരെന്ന് തോന്നുന്നു. അതിന് മനുഷ്യത്വമുള്ള ഒരു മനസ്സ് കൂടി വേണം. അത് രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഉണ്ട് എന്നാണ് എന്റെ അനുഭവത്തിലൂടെ മനസ്സിലായത്.

ഒരു നേതാവിന്റെ ഗുണമാണത് .അവര്‍ക്കു വേണമെങ്കില്‍ തിരിഞ്ഞുപോലും നോക്കാതെ ,അല്ലെങ്കില്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഹെലികോപ്റ്ററില്‍ കയറി പോകാമായിരുന്നു.
അവരത് കാണിച്ചില്ലല്ലോ . അതിനെയാണ് കരുണ, കരുതല്‍, മനുഷ്യത്വം, നേതൃ ഗുണം എന്നൊക്കെ വിളിക്കുന്നത്. ഇത് പറഞ്ഞതുകൊണ്ട് എന്നെ കോണ്‍ഗ്രസ് പാളയത്തില്‍ കെട്ടണ്ട കാര്യമില്ല …??
രണ്ടു കാര്യങ്ങള്‍ കൂടി.

നമ്മളെല്ലാവരും ഫസ്റ്റ് എയ്ഡ് എന്താണെന്ന് പഠിക്കുന്നത് നല്ലതായിരിക്കും .പിന്നെ അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അവരുടെ ബിലോഗിംഗ്‌സ് കൂടി എടുത്ത് സുരക്ഷിതമായി ഏല്‍പ്പിക്കുവാനും ശ്രദ്ധിക്കണത് നന്നാവും

pathram:
Related Post
Leave a Comment