വാരാണസിയില്‍ മോദിക്കെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ മുരളീ മോനഹര്‍ ജോഷി..??

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് വാരാണസി ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മോദിക്കെതിരെ മത്സരിക്കാന്‍ മുരളീ മനോഹര്‍ ജോഷിയെ ക്ഷണിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി മുരളീ മനോഹര്‍ ജോഷി ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കാണ്‍പൂരിലെ സിറ്റിങ് എംപിയാണ് മുരളീ മനോഹര്‍ ജോഷി. സ്വന്തം മണ്ഡലമായ വാരാണസി മോദിക്ക് മത്സരിക്കാന്‍ വിട്ടുനല്‍കിയാണ് 2014ല്‍ മുരളീ മനോഹര്‍ ജോഷി കാണ്‍പുരില്‍ മത്സരിച്ചത്. എന്നാല്‍ മോദി സര്‍ക്കാരില്‍ ജോഷിക്ക് ഒരു പദവിയും നല്‍കിയിരുന്നില്ല. മാത്രമല്ല, ഇത്തവണ അദ്ദേഹത്തെ മത്സരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിലുള്ള അതൃപ്തിയാണ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നതിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. എന്നാല്‍ വാരാണസി മണ്ഡലത്തില്‍ മത്സരിക്കാന്‍ ജോഷിയ്ക്ക് താല്‍പര്യക്കുറവുണ്ടെന്നും മറ്റൊരു മണ്ഡലമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

ബിജെപിയുടെ സ്ഥാപക നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പാര്‍ട്ടി മാറ്റിനിര്‍ത്തിയിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതില്‍ രണ്ടു നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും സൂചനകള്‍ നല്‍കിക്കൊണ്ട് എല്‍കെ അദ്വാനി തന്റെ ബ്ലോഗില്‍ ലേഖനം എഴുതിയിരുന്നു.

pathram:
Related Post
Leave a Comment