മത്സരിക്കാന്‍ തയാറെന്ന് പ്രിയങ്കാ ഗാന്ധി

ലക്നൗ: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധി മത്സരരംഗത്തിറങ്ങണമെന്ന പല കോണുകളില്‍ നിന്നും ആവശ്യം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നുവെങ്കിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മത്സരരംഗത്തില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ ആവേശകരമായ പ്രഖ്യാപനനീക്കം ഉണ്ടായിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രിയങ്ക ഗാന്ധി വ്യക്തമായ മറുപടി നല്‍കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് ഇല്ല എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

അതേസമയം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായ ന്യായ് പദ്ധതിയെ വിമര്‍ശിച്ച മായാവതിക്കും പ്രിയങ്ക മറുപടി നല്‍കി. നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നിറവേറ്റിയിട്ടുണ്ടെന്നും, കോണ്‍ഗ്രസ് ആരെയും കബളിപ്പിക്കില്ല എന്നുമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

pathram:
Leave a Comment