ഗോരഖ്പുര്‍: ഭീകരവാദത്തിനെതിരെ കോണ്‍ഗ്രസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരവാദികള്‍ക്ക് കോണ്‍ഗ്രസ് ബിരിയാണി നല്‍കിയിരുന്നുവെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അവരെ തുടച്ചുനീക്കിയെന്ന് ഗോരഖ്പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ക്ഷേത്ര സന്ദര്‍ശനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് അത്തരം നീക്കങ്ങള്‍.
ബാലാക്കോട്ട് വ്യോമാക്രമണത്തെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ അപമാനമുണ്ടാക്കുന്നതാണ്. പിത്രോദയുടെ പരാമര്‍ശത്തെ അപലപിക്കാനോ അതേക്കുറിച്ച് വിശദീകരിക്കാനോ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില ഭദ്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പോലീസ് സ്വീകരിക്കുന്ന ശക്തമായ നടപടികളെത്തുടര്‍ന്ന് ക്രിമിനലുകള്‍ക്ക് ഓടിയൊളിക്കേണ്ടിവന്നു. ആന്റി റോമിയോ സ്‌ക്വാഡ് സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി.
സമൂഹത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് പോലീസ് ക്രമിനലുകള്‍ക്ക് പിന്നാലെ പായുന്നത്. അറസ്റ്റിലായ ഭീകരര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കാനാണ് മുന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് ഏറ്റവും വലിയ തടസം സൃഷ്ടിക്കുന്നത് കോണ്‍ഗ്രസാണ്. അയോധ്യ കേസ് പരിഗണിക്കുന്നത് വൈകിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
Leave a Comment