കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം

കൊച്ചി: നഗരമധ്യത്തിലെ ചെരിപ്പു കമ്പനി ഗോഡൗണിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയം. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം ആറുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ജനറേറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. തീപ്പിടിത്തം ഉണ്ടായ ഉടന്‍തന്നെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. കെട്ടിടത്തില്‍ നിന്നും ഇപ്പോഴും പുക ഉയരുന്നതിനാല്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെട്ടിടത്തിനകത്ത് കയറി തീയണയ്ക്കാനാണ് അഗ്നിശമന സേനയുടെ ഇപ്പോഴത്തെ ശ്രമം.

നാല് മണിക്കൂറോളം നീണ്ട തീവ്ര പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. ഇരുപതിലേറെ അഗ്നിശമനാ യൂണിറ്റുകളും നൂറോളം സേനാംഗങ്ങളും പോലീസും ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമമാണ് കൂടുതല്‍ പടരാതെ തീ നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചത്. നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. നഗരത്തിലുള്ളവ കൂടാതെ അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ബിപിസിഎല്‍, ഫാക്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും അഗ്നിശമനനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

രാവിലെ 11.15ഓടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന പാതയില്‍ സ്റ്റേഷന് 500 മീറ്റര്‍ മാത്രമകലെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തമുണ്ടായ ഉടന്‍ തന്നെ നാല് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാനായിരുന്നില്ല. പിന്നീട് കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കുകയായിരുന്നു. വെള്ളം പമ്പു ചെയ്ത് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് എയര്‍പോര്‍ട്ടിലെയും നാവികസേനയുടെയും അഗ്നിശമന യൂണിറ്റുകള്‍ ഫോം (പത) പമ്പു ചെയ്തതോടെയാണ് തീ പടരുന്നത് നിയന്ത്രിക്കാനായത്.

റബ്ബര്‍ ചെരിപ്പുകളും മറ്റുമാണ് ഗോഡൗണിനകത്ത് കൂടുതലുമുള്ളത് എന്നതിനാലാണ് തീ വേഗത്തില്‍ അണയ്ക്കാനാകാതെ വന്നത്. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ പാതയും രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാക്കി. സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച ശേഷം അവയുടെ ബാല്‍ക്കണികളില്‍ നിന്നും ജനലുകള്‍ വഴി വെള്ളവും ഫോമും പമ്പു ചെയ്യുകയായിരുന്നു. ഇതിനിടെ തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കളക്ടര്‍ എം.വൈ.സഫീറുള്ള ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

pathram:
Leave a Comment