രോഹിത് അടിച്ചെടുത്ത് വെറും 50 അല്ല; നിരവധി റെക്കോര്‍ഡുകളും കൂടിയാണ്..!!

രണ്ടാം ട്വന്റി 20യില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ രോഹിത് ശര്‍മ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയതാണ് അതില്‍ പ്രധാനം. 92 മല്‍സരങ്ങളിലായി 84 ഇന്നിങ്‌സുകളില്‍നിന്ന് 2288 റണ്‍സ് നേടിയ രോഹിത്, ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാണ് മറികടന്നത്. 76 മല്‍സരങ്ങളിലെ 74 ഇന്നിങ്‌സുകളില്‍നിന്നായി 2272 റണ്‍സാണ് ഗപ്റ്റിലിന്റെ സമ്പാദ്യം. 60 ഇന്നിങ്‌സുകളില്‍നിന്നും 2167 റണ്‍സുമായി നാലാം സ്ഥാനത്താണ് കോഹ്‌ലി. ട്വന്റി20യില്‍ നാലു സെഞ്ചുറി നേടിയിട്ടുള്ള രോഹിതിന്റെ പേരിലാണ് ഈ റെക്കോര്‍ഡും.

മാത്രമല്ല, ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ തവണ 50നു മുകളില്‍ റണ്‍സ് നേടുന്ന താരവുമായി രോഹിത്. 16 അര്‍ധസെഞ്ചുറികളും നാലു സെഞ്ചുറികളും ഉള്‍പ്പെടെ 20 തവണയാണ് രോഹിത് 50 പിന്നിട്ടത്. 19 തവണ 50 കടന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (16), ക്രിസ് ഗെയ്ല്‍, ബ്രണ്ടന്‍ മക്കല്ലം (15 വീതം), തിലകരത്‌നെ ദില്‍ഷന്‍ (14) എന്നിവരെല്ലാം പിന്നിലായി. ക്യാപ്റ്റനെന്ന നിലയില്‍ 13–ാം ഇന്നിങ്‌സ് കളിച്ച രോഹിത് 500 റണ്‍സും പിന്നിട്ടു. 19 ഇന്നിങ്‌സില്‍നിന്ന് ക്യാപ്റ്റനെന്ന നിലയില്‍ 500 റണ്‍സ് പിന്നിട്ട വിരാട് കോഹ്‌ലിയുടെ ആ റെക്കോര്‍ഡും രോഹിത്തിനു സ്വന്തം.

മല്‍സരത്തിലാകെ നാലു സിക്‌സ് നേടിയ രോഹിത് ശര്‍മ, രാജ്യാന്തര ട്വന്റി20യിലെ സിക്‌സുകളുടെ എണ്ണം 100 കടത്തി. 102 സിക്‌സ് തികച്ച രോഹിത്, രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. 103 സിക്‌സ് വീതം നേടിയ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍, ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവരാണ് മുന്നില്‍. ഒരു സിക്‌സ് മാത്രം പിന്നിലാണ് രോഹിത്.

pathram:
Leave a Comment