കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചു; മൂന്ന് പഞ്ചായത്തുകളില്‍ സിപിഎമ്മിനു ഭരണം നഷ്ടമായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് -ബിജെപി യോജിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം വയനാട് ജില്ലകളിലെ മൂന്ന് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് -ബി.ജെ.പി സഹകരണത്തെ തുടര്‍ന്ന് സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസാക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് പഞ്ചായത്താണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്. ഇരുപത് അംഗ ഭരണസമിതിയില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും എട്ട് വീതം അംഗങ്ങളും ബി.ജെ.പിക്ക് രണ്ട്, ജെ.ഡി.യു, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ അംഗങ്ങള്‍ വീതവുമുണ്ട്. ലോക് താന്ത്രിക് ജനതാദളിലെ എസ് ചന്ദ്രന്‍ നായരായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ഇദ്ദേഹത്തിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ട് ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ പാസായി.

തിരുവനന്തപുരം ജില്ലയിലെ തന്നെ കോട്ടുകാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും യോജിച്ച് സി.പി.എമ്മിന്റെ വൈസ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി. വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തിലും കോണ്‍ഗ്രസ്ബി.ജെ.പി സഹകരണത്തെ തുടര്‍ന്ന് സി.പി.എമ്മിന് ഭരണം നഷ്ടമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയമായി യോജിച്ചതിന്റെ തെളിവാണ് സഖ്യമെന്ന് കോടിയേരി ആരോപിച്ചു. കോണ്‍ഗ്രസ്ബി.ജെ.പി സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കാനൊരുങ്ങുകയാണ് സി.പി.എം.

pathram:
Leave a Comment