സച്ചിന്റെയും അഫ്രീദിയുടെയും റെക്കോര്‍ഡ് കടന്ന്‌ പുതിയ താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീദിയുടെയും റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് പുതിയ താരമെത്തി. ക്രിക്കറ്റ് ലോകത്തേക്ക് പുത്തന്‍ ചുവടുകളുമായെത്തുന്ന നേപ്പാളിന് അഭിമാനമായാണ് കൗമാരതാരം രോഹിത് പൗഡല്‍ വരുന്നത്. അന്താരാഷ്ട്രാ ക്രിക്കറ്റ് ചരിത്രത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ് രോഹിത് പൗഡല്‍ അഫ്രീദിയില്‍ നിന്നും സച്ചിനില്‍ നിന്നും പിടിച്ചെടുത്തത്.

1989 ല്‍ 16 വയസും 213 ദിവസവും ഉള്ളപ്പോഴാണ് സച്ചിന്‍ ആദ്യ അന്താരാഷ്ട്ര അര്‍ധ ശതകം സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അന്ന് സച്ചിന്‍ ചരിത്രം കുറിക്കുകയായിരുന്നു. കൃത്യം പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ 1999ല്‍ ഷാഹിദ് അഫ്രീദി ശ്രീലങ്കയ്‌ക്കെതിരേ 16 വയസും 217 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ധ ശതകം നേടി. 37 പന്തില്‍ സെഞ്ചുറിയും കുറിച്ച അഫ്രീദി അന്ന് ഏകദിന ക്രിക്കറ്റിനെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയാണ് മടങ്ങിയത്. കൃത്യം ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ നേപ്പാളിന്റെ കൗമാര താരം സച്ചിനെയും അഫ്രീദിയെയുമെന്നല്ല കായിക ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.

യുഎഇക്കെതിരായ മത്സരത്തില്‍ അര്‍ധ ശതകം കുറിച്ച രോഹിതിന്റെ പ്രായം 16 വയസും 146 ദിവസവും മാത്രം. യുഎഇയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 58 പന്തില്‍ 55 റണ്‍സ് നേടിയാണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആദ്യ ഏകദിനം മൂന്ന് വിക്കറ്റിന് തോറ്റ നേപ്പാള്‍ രണ്ടാം പോരാട്ടം 145 റണ്‍സിന് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയിട്ടുണ്ട്. 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സോംപാല്‍ കാമിയാണ് യുഎഇയെ എറിഞ്ഞിട്ടത്. നേപ്പാള്‍ 242 റണ്‍സെടുത്തപ്പോള്‍ യുഎഇയുടെ പോരാട്ടം 97 ല്‍ അവസാനിച്ചു.

pathram:
Leave a Comment