ചികിത്സയ്ക്കു യുഎസിലേയ്ക്കു പോയ അരുണ്‍ ജയ്റ്റ്‌ലി തിരിച്ചെത്താന്‍ വൈകും; ബജറ്റ് പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: അടിയന്തര ചികിത്സയ്ക്കു യുഎസിലേയ്ക്കു പോയ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തിരിച്ചെത്താന്‍ വൈകിയാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്, റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി ജയ്റ്റ്‌ലി 4 മാസത്തോളം വിശ്രമത്തിലായപ്പോള്‍ ധനമന്ത്രാലയത്തിന്റെ ചുമതല പിയുഷ് ഗോയലിനായിരുന്നു. തിരഞ്ഞെടുപ്പു വര്‍ഷ ബജറ്റിനു തൊട്ടു മുന്‍പു ധനമന്ത്രി ചികിത്സയ്ക്കു പോയതു രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്. ചികിത്സ ഏതാനും ആഴ്ച പോലും മാറ്റിവയ്ക്കാനാവില്ലെന്ന സൂചനയാണ് അതു നല്‍കുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരികെയെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഇടക്കാല ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. മധ്യവര്‍ഗത്തെ ആകര്‍ഷിക്കാന്‍ ആദായനികുതിയിളവും കാര്‍ഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള പദ്ധതികളും ഉണ്ടായേക്കുമെന്നു സൂചനയുണ്ട്. വൃക്ക മാറ്റിവയ്ക്കലിനു ശേഷം അണുബാധയെക്കുറിച്ചു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നാണു ജെയ്റ്റ്‌ലി മാസങ്ങളോളം ഔദ്യോഗിക കൃത്യങ്ങളില്‍ നിന്നു വിട്ടുനിന്നത്. പിന്നീടു തിരിച്ചെത്തിയപ്പോഴും ജനസമ്പര്‍ക്കം പരമാവധി കുറയ്ക്കണമെന്നു നിര്‍ദേശമുണ്ടായിരുന്നു. മന്ത്രിസഭാ യോഗങ്ങള്‍ക്കു ശേഷം സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവായി മാധ്യമങ്ങളെ കാണാന്‍ ജെയ്റ്റ്‌ലി എത്തും മുന്‍പു വേദി അണുവിമുക്തമാക്കിയിരുന്നു. അദ്ദേഹത്തെ സമീപിക്കുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ജെയ്റ്റ്‌ലി, വീണ്ടും, പഴയതു പോലെ സജീവമായി. റഫാല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ രംഗത്തിറങ്ങിയത് അദ്ദേഹമാണ്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു ചര്‍ച്ച തുടങ്ങിവച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു മറുപടി നല്‍കിയതും അദ്ദേഹം. ഇപ്പോഴത്തെ ചികിത്സ വൃക്ക മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടതല്ലെന്നാണു സൂചന. രോഗമെന്തെന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളില്ല.

pathram:
Leave a Comment