ലോകകപ്പ്: ടീമില്‍ ഇടം നേടാന്‍ ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് മത്സരം മുറുകുന്നു… ടീമില്‍ തന്റെ റോള്‍ എന്തെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്…

അഡ്‌ലെയ്ഡ്: ലോകകപ്പ് മുന്നില്‍ നില്‍ക്കേ ഇന്ത്യന്‍ ഏകദിന ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനമുറപ്പിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. എം എസ് ധോണി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നീ മൂന്നുപേരെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് മുഖ്യ സെലക്ടര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇവരില്‍ ആരൊക്കെയാവും ലോകകപ്പ് ടീമിലെത്തുക എന്ന് ഇപ്പോള്‍ വ്യക്തമല്ല.
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ അര്‍ദ്ധ സെഞ്ചുറി ഇന്നിംഗ്‌സുമായി ധോണി ഏറെക്കുറെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ധോണി ടീമിലുണ്ടാകും എന്ന സൂചനകളാണ് സെലക്ടര്‍മാരും കോലിയും നല്‍കുന്നത്. അഡ്‌ലെയ്ഡില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച് ഫിനിഷറായി തനിക്ക് തിളങ്ങാനാവുമെന്ന് കാര്‍ത്തിക്കും തെളിയിച്ചു. ഇതോടെ വിക്കറ്റിന് പിന്നിലും മധ്യനിരയിലും മത്സരം കടുക്കുകയാണ്.
മത്സരശേഷം കാര്‍ത്തിക് പറഞ്ഞത് ഫിനിഷറായാണ് ടീമില്‍ തന്റെ സ്ഥാനമെന്നാണ്. മത്സരം ഫിനിഷ് ചെയ്യാനായി താന്‍ വളരെയധികം പരിശീലനം നടത്തിയിരുന്നു. സമ്മര്‍ദ്ധങ്ങളില്ലാതെ കളിക്കാനുള്ള കഴിവുണ്ടാവണം. അനുഭവസമ്പത്ത് വളരെയധികം സഹായകമാകും. ക്രിക്കറ്റിലെ ഏറ്റവും സങ്കീര്‍ണമായ കഴിവുകളിലെന്നാണ് ഫിനിഷ് ചെയ്യുകയെന്നത്. മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയുക വലിയ ഭാഗ്യമാണ്.
ഫിനിഷിംഗാണ് ടീമില്‍ തന്റെ റോളെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. ഈ പെസിഷനില്‍ മികച്ച പ്രകടനമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അതിനായി കഠിന പരിശ്രമമാണ് നടത്തുന്നതെന്നും കാര്‍ത്തിക് പറഞ്ഞു. അഞ്ചാം വിക്കറ്റില്‍ എം എസ് ധോണിയുമായി കാര്‍ത്തിക് പടുത്തുയര്‍ത്തിയ 57 റണ്‍സ് സഖ്യമാണ് ഇന്ത്യയെ അഡ്‌ലെയ്ഡില്‍ വിജയിപ്പിച്ചത്. ധോണി 54 പന്തില്‍ 55 റണ്‍സെടുത്തപ്പോള്‍ ദിനേശ് കാര്‍ത്തിക് 14 പന്തില്‍ 25 റണ്‍സെടുത്തു.
അഡ്‌ലെയ്ഡില്‍ ധോണി അഞ്ചാമനായും കാര്‍ത്തിക് ആറാമനായുമാണ് ബാറ്റിംഗിനിറങ്ങിയത്. ഇരുവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ വിക്കറ്റ് കീപ്പറുടെ റോളിലും മധ്യനിരയില്‍ ഫിനിഷറുടെ റോളിലും ധോണി കാര്‍ത്തിക് പന്ത് മത്സരം മുറുകുകയാണ്. ധോണിയെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തി കാര്‍ത്തിക്കിനെ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. പന്തിന് ഏകദിന ടീമിലേക്കുള്ള മടങ്ങിവരവും പ്രധാനമാണ്.

pathram:
Related Post
Leave a Comment