പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് കിടിലന്‍ സമ്മാനവുമായി വിജയ് സേതുപതി

ഹൈദരാബാദ്: തമിഴകത്തിന്റെ ഹൃദയം കീഴടക്കിയ വിജയ് സേതുപതിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് കിടിലന്‍ സമ്മാനം. പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസറാണ് ആരാധകര്‍ക്ക് മക്കള്‍ സെല്‍വന്റെ സമ്മാനം. വിജയ് സേതുപതി ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് സൈര നരസിംഹ റെഡ്ഡി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് നായകവേഷത്തില്‍ എത്തുന്നത്. സൈര നരസിംഹ റെഡ്ഡിയുടെ പുതിയ മോഷന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

വിജയ് സേതുപതിയുടെ 41ാം പിറന്നാളുമായി ബന്ധപ്പെട്ടാണ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജാ പാണ്ഡി എന്ന മക്കള്‍ സെല്‍വന്റെ കഥാപാത്രത്തിന്റെ ലുക്കായിരുന്നു ടീസറിലുണ്ടായിരുന്നത്. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത് രാംചരണിന്റെ നിര്‍മ്മാണ കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍സാണ്.

അമിതാഭ് ബച്ചന്‍,നയന്‍താര തുടങ്ങിയവരും ചിത്രത്തില്‍ പ്രാധാന്യമുളള വേഷങ്ങളില്‍ എത്തുന്നുണ്ട്. രായല്‍സീമയിലെ സ്വാതന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ചിരഞ്ജീവി അവതരിപ്പിക്കുന്നത്. കിച്ച സുദീപ്, ജഗപതി ബാബു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

തെലുങ്കിനൊപ്പം തമിഴ്,കന്നഡ,മലയാളം പതിപ്പുകളും സൈര നിരസിംഹ റെഡ്ഡിയുടെതായി പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

pathram:
Related Post
Leave a Comment