അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ്: മിഷേലിന്റെ മൊഴിയില്‍ സോണിയാഗാന്ധിയുടെ പേരും

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടു കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ മൊഴിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരും. അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റിയന്‍ ചോദ്യം ചെയ്യലിനിടെ മിസ്സിസ്സ് ഗാന്ധി എന്ന പരാമര്‍ശം നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചത്. മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ണ്ണായക വിവരമുള്ളത്. ഡല്‍ഹി സിബിഐ കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തല്‍. പേര് പരാമര്‍ശിച്ച സാഹചര്യം വ്യക്തമല്ല.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേരും പരാമര്‍ശിച്ചതായി സൂചനകളുണ്ട്. ഏഴ് ദിവസത്തേക്ക് ക്രിസ്റ്റിയന്‍ മിഷേലിനെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു.
3600 കോടി രൂപയുടെ അഗസ്തവെസ്റ്റ്‌ലന്‍ഡ് വി.വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇന്ത്യയിലെ അധികാരികള്‍ക്ക് വലിയ കൈക്കൂലി ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഖജനാവിന് 2666 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. വാദം. മിഷേലിന് 225 കോടി ലഭിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു. 2015 സെപ്റ്റംബറിലാണ് മിഷേലിനെതിരേ ഡല്‍ഹി കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഇറക്കിയത്. ഇതിന്റെ അടിസ്ഥാത്തില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും ഇറക്കി. തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ ദുബായില്‍ അറസ്റ്റിലായ മിഷേല്‍ അവിടെ ജയിലിലായിരുന്നു.

pathram:
Related Post
Leave a Comment