സോണിയാ ഗാന്ധിയുടെ റായ്ബറേലിയില്‍ പ്രധാനമന്ത്രി ; മഹിള കോണ്‍ഗ്രസിന്റെ പ്രതിഷേധം

ലഖ്നൗ: സോണിയാ ഗാന്ധിയുടെ പരമ്പരാഗത മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച സന്ദര്‍ശനം നടത്തും. അടുത്തവര്‍ഷം നടക്കുന്ന കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അലഹബാദില്‍ എത്തുന്നതിന്റെ ഭാഗമായാണ് റായ് ബറേലിയിലും മോദി എത്തുന്നത്. എന്നാല്‍, സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചു എന്നാരോപിച്ച് മണ്ഡലത്തില്‍ ഉടനീളം ഈ ദിവസം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മഹിള കോണ്‍ഗ്രസ് അറിയിച്ചു.
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ സംസാരിക്കവെ സോണിയക്കെതിരെ മോദി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. യു.പി.എ സര്‍ക്കാരിന്റെ വിധവാ പെന്‍ഷന്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കവെ ആയിരുന്നു വിവാദ പരാമര്‍ശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടയില്‍ ഇളക്കമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെത്തുന്ന പ്രധാനമന്ത്രിയെ ഈ പരാമര്‍ശം ഉപയോഗിച്ച് നേരിടാനാണ് കോണ്‍ഗ്രസ് നീക്കം.
പ്രധാനമന്ത്രി സംസാരിക്കുന്ന റായ്ബറേലിയിലെ റാലിയില്‍ കരിങ്കൊടി പ്രതിഷേധം നടത്താനും മഹിളാ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കോട്ടയില്‍ ആദ്യമായി എത്തുന്ന മോദി കോണ്‍ഗ്രസിനെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും ശക്തമായ വിമര്‍ശനം പ്രസംഗത്തില്‍ ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് വനിതാ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും വിലയിരുത്തപ്പെടുന്നു. ഹിന്ദി ഹൃദയഭൂമികയിലെ സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ സ്വാധീനമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇരുപാര്‍ട്ടികളും.
ഞായറാഴ്ചത്തെ മോദിയുടെ സന്ദര്‍ശനം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ശഖനാദം മുഴക്കലാണെന്നാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചത്. റഫാല്‍ ഇടപാടിലെ പുതിയ കോടതി വിധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – ബി.ജെ.പി നേതാക്കന്മാര്‍ പരസ്പരം പോരടിക്കുന്ന സാഹചര്യത്തിലും പ്രധാനമന്ത്രിയുടെ റായ് ബറേലി സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്. കോടതി വിധിയോട് പ്രതികരിക്കവെ കാവല്‍ക്കാരന്‍ കള്ളനാണന്ന തന്റെ ആരോപണം രാഹുല്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനുള്ള മറുപടിയും മോദി നാളെ റായ് ബറേലിയില്‍ പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pathram:
Related Post
Leave a Comment