ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമെന്ന് രാഹുല്‍; യോഗിയുടെ പ്രചരണത്തില്‍ അടിപതറി ബിജെപി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമാണ്. യുവജനങ്ങളും കര്‍ഷകരും ചെറുകിട വ്യാപാരികളുമാണ് കോണ്‍ഗ്രസിന്റെ വിജയത്തിനു പിന്നില്‍. പാര്‍ട്ടിക്കു വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി. ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ പരിശ്രമിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഈ തിരഞ്ഞെടുപ്പു ഫലങ്ങളുടെ പശ്ചാത്തലത്തില്‍ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കു മുന്നില്‍ കടുത്ത വെല്ലുവിളി ഉയരുമെന്നും രാഹുല്‍ മുന്നറിയിപ്പു നല്‍കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ പദ്ധതികളോടും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത നയങ്ങളോടും രാജ്യത്തിന് പൂര്‍ണ എതിര്‍പ്പാണെന്നു ചൂണ്ടിക്കാട്ടിയ രാഹുല്‍, ഈ തിരഞ്ഞെടുപ്പു വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

ഈ തവണ തോല്‍വിയുടെ ഭാരം ഏല്‍ക്കേണ്ടി വരുന്നത് മോദിക്കാവില്ല, മറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായിരിക്കും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന മറ്റു സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി മോദിയെ ആശ്രയിച്ചായിരുന്നില്ല ഈ തവണ ബിജെപിയുടെ പ്രചാരണം. മോദി കഴിഞ്ഞാല്‍ ഇപ്പോള്‍ ഒരുപക്ഷേ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന ബിജെപി നേതാവായ യോഗി ആദിത്യനാഥായിരുന്നു പ്രചാരകന്‍. ബിജെപിയുടെ തന്നെ കണക്കുകള്‍ പ്രകാരം ഏകദേശം 75 ഓളം തിരഞ്ഞെടുപ്പ് റാലികളിലാണ് യോഗി പങ്കെടുത്തത്. മോദി പങ്കെടുത്തത് 31 റാലികളിലും. അതായത് മോദിയേക്കാള്‍ ഇരിട്ടയിലധികം റാലികളിലാണ് യോഗി സാന്നിധ്യം അറിയിച്ചത്.

ബിജെപിയുടെ മറ്റു മുഖ്യമന്ത്രിമാര്‍ സ്വന്തം സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുമ്പോഴാണു യോഗി രാജ്യവ്യാപക പ്രചാരണത്തിനിറങ്ങിയത്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ മുന്നേറ്റത്തിനു കളമൊരുക്കിയതില്‍ യോഗിയുടെ റാലികള്‍ വലിയ പങ്കുവഹിച്ചുവെന്ന ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തലാണ് മുഖ്യപ്രചാരകന്റെ നിരയിലേക്ക് യോഗിയുടെ പേരും ഉയര്‍ത്തിയത്.

എന്നാല്‍ മോദിയെ തഴഞ്ഞ് യോഗിയെ ഉയര്‍ത്തിക്കാട്ടാനുള്ള തീരുമാനം പാളിയതിന്റെ ലക്ഷണങ്ങളാണ് ഇന്നത്തെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വന്തം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുന്ന യോഗി മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയെക്കുറിച്ച് ആഞ്ഞടിക്കുന്നതിലെ വൈരുധ്യം കുറച്ചെങ്കിലും ജനങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കിയിരിക്കണം എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

pathram:
Leave a Comment