ലാലേട്ടന് മാത്രമല്ല ഫഹദിനും പേടിയാണ് നായയെ

ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് കൂട്ട് കെട്ടിലെത്തുന്ന ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇതിനു മുന്‍പ് പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്. ഒരു തെങ്ങില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഫഹദാണ് പോസ്റ്ററില്‍. സംവിധായകന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.
തെങ്ങില്‍ കയറി ഇരിക്കുന്ന ഫഹദിനെ കാണുമ്പോള്‍ ആദ്യം എല്ലാവരും ഓര്‍ക്കുക സത്യന്‍-ശ്രീനിലാല്‍ കൂട്ട്കെട്ടില്‍ പിറന്ന വരവേല്‍പ്പ് എന്ന ചിത്രത്തിലെ ഒരു രംഗമാണ്. ചിത്രത്തില്‍ ലാലേട്ടന്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രം പട്ടിയെ പേടിച്ച് തെങ്ങില്‍ കയറി ഇരിക്കുന്ന ആ സീനാണ് എല്ലാവരുടെ മനസ്സില്‍ ഓടി എത്തുന്നത്. മുരളീ നീ ഇവിടെ വരെ വന്നിട്ട് വീട്ടില്‍ കയറാതെ പോവാണോ എന്ന സഹോദരന്റെ ഭാര്യയുടെ ഡയലോഗും ഈ അവസരത്തില്‍ ആളുകള്‍ ഓര്‍മിപ്പിക്കുന്നു.
താഴെ ഇനി എന്ത് നടന്നാലും പ്രകാശനത് പ്രശ്നമല്ല. സേഫായല്ലോ എന്ന ക്യാപ്ഷനോടൊപ്പമാണ് സത്യന്‍ അന്തിക്കാട് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേ എക്സ്പ്രഷന്‍ തന്നെയാണ് ഫഹദിന്റെ മുഖത്തുമുള്ളത്. എന്തായാലും പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ക്ലിക്കായിട്ടുണ്ട്. മികച്ച പ്രതികരണവും രസകരമായ ട്രോളുകളുമാണ് പുതിയ പോസ്റ്ററിനു ലഭിക്കുന്നത്.
പഴയകാലത്തെ ലാലേട്ടന്റെ നാടന്‍ പ്രകടനത്തെ അനുസ്മരിപ്പിക്കും വിധത്തിലാണ് ഫഹദിന്റെ പ്രകടനം. ഇവര്‍ക്കിടയില്‍ ചെറിയ സാമ്യമുണ്ടെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. പഴയ കാലത്തെ ലാലേട്ടന്‍ ചിത്രങ്ങളിലെല്ലാം നമ്മുടെ ചുറ്റ്പാടുമുളള പച്ചയായ മനുഷ്യരെ കാണാന്‍ സാധിക്കുമായിരുന്നു. ഇതുതന്നെയാണ് പ്രകാശനും. നാട്ടിന്‍ പുറത്തുള്ള തനിമലയാളിയായ ഒരു വ്യക്തി.
ഇന്ത്യന്‍ പ്രണയ കഥയ്ക്ക് ശേഷം ഫഹദ് സത്യന്‍ അന്തിക്കാട് കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ഇന്നും സോഷ്യല്‍ മീഡിയയിലും ട്രോള്‍ പേജുകളിലും അയിമനം സിദ്ധാര്‍ഥന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഫഹദിന്റെ കരിയറില്‍ തന്നെ ഒരു ഹിറ്റ് നല്‍കിയ ചിത്രമായിരുന്നു ഇത്. ഞാന്‍ പ്രകാശനും ഈ വിജയം തന്നെ ആവര്‍ത്തിക്കും എന്ന് നിസംശയം പറയാം. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്നു പരിഷ്‌കരിക്കുന്ന ഒരു നാട്ടില്‍ പുറത്തുകാരനായ യുവാവിന്റെ കഥായാണ് ഞാന്‍ പ്രകാശന്‍ പറയുന്നത്.

pathram:
Leave a Comment