കര്‍ഷകര്‍ ആരോടും സൗജന്യം ചോദിച്ചിട്ടില്ല, അവരുടെ അവകാശമാണ് ചോദിക്കുന്നതെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷകര്‍ ആരോടും സൗജന്യ സമ്മാനം ചോദിച്ചിട്ടില്ലെന്നും അവരുടെ അവകാശമാണ് ചോദിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധിഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നിലേക്ക് നടത്തിയ മെഗാ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍. കര്‍ഷകരുടെ മെഗാറാലിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കാളികളായി. രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ റാലിയെ അഭിസംബോധന ചെയ്ത് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി. കര്‍ഷകര്‍ ആരോടും സൗജന്യ സമ്മാനം ചോദിച്ചിട്ടില്ലെന്നും അവരുടെ അവകാശമാണ് ചോദിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ അതിസമ്പന്നരായ 15 പേരുടെ 3.5 ലക്ഷം കോടിരൂപയുടെ കടം എഴുതി തള്ളിയ മോദി എന്ത് കൊണ്ട് കര്‍ഷകരോട് ഇങ്ങനെ ചെയ്യുന്നില്ല. അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വിലയെങ്കിലും ലഭ്യമാക്കണം. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനങ്ങള്‍ക്ക് ലഭ്യമാകുന്ന പണമെല്ലാം അനില്‍ അംബാനിയുടെ പോക്കറ്റിലേക്ക് ഇട്ടു നല്‍കുകയാണ്. മോദിയുടെ പരാജയപ്പെട്ട നയങ്ങള്‍ കാരണം രാജ്യം നേരിടുന്ന പ്രധാനപ്പെട്ട രണ്ടു വെല്ലുവിളികളാണ് കര്‍ഷകരുടെ പ്രശ്‌നവും യുവാക്കളുടെ തൊഴിലില്ലായ്മയുമെന്നും രാഹുല്‍ പറഞ്ഞു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് ശരത് യാദവ്,തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദനന്‍ ത്രിവേദി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം റാലിയില്‍ പങ്കാളികളായി.
അഖിലേന്ത്യ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷക റാലി. അയോധ്യയല്ല കടത്തില്‍ നിന്നുള്ള മോചനമാണ് വേണ്ടതെന്ന മുദ്രാവാക്യമാണ് സമരക്കാര്‍ പ്രധാനമായും ഉയര്‍ത്തിയത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കലാകാരന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും റാലിയില്‍ പങ്കുചേര്‍ന്നു.
വ്യാഴാഴ്ച രാത്രി രാംലീലാ മൈതാനിയില്‍ തങ്ങിയ ശേഷമാണ് സമരക്കാര്‍ ഇന്ന് പാര്‍ലമെന്റിന് മുന്നിലേക്ക് നീങ്ങിയത്. ആത്മഹത്യ ചെയ്ത തങ്ങളുടെ കര്‍ഷകരായ ഭര്‍ത്താക്കന്‍മാരുടെ ചിത്രങ്ങളേന്തി തെലങ്കാനയില്‍ നിന്നുള്ള ഒരു കൂട്ടം സ്ത്രീകളെത്തി.

pathram:
Leave a Comment