എസ് പി ജഡ്ജിയോടും മോശമായി പെരുമാറിയെന്ന് ഹൈക്കോടതി: കണ്ണീരോടെ ആ ഓഫീസര്‍ മാപ്പ് പറഞ്ഞതിനാല്‍ കേസെക്കുന്നില്ല

തിരുവനന്തപുരം: ശബരിമലയില്‍ വിവാദം സൃഷ്ടിച്ച എസ്പി സിറ്റിങ് ജഡ്ജിയോടും മോശമായി പെരുമാറിയതായി ഹൈക്കോടതിയുടെ വെളിപ്പെടുത്തല്‍. പൊലീസ് വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്ന എജിയുടെ വാദം അംഗീകരിച്ച കോടതി, ചില ഉദ്യോഗസ്ഥര്‍ ഇതിന് അപവാദമാണെന്ന് പറഞ്ഞുകൊണ്ടാണ് വിഷയത്തിലേക്ക് കടന്നത്. ‘സ്വമേധയാ കേസെടുക്കാന്‍ മുതിര്‍ന്നതാണ്. വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ കണ്ണീരോടെ ആ ഓഫീസര്‍ മാപ്പ് പറഞ്ഞുവെന്നും വിഷയം അവിടെ അവസാനിപ്പിക്കാമെന്നും ജഡ്ജി തന്നെ ആവശ്യപ്പെടുകയായിരുന്നു’- കോടതി പറഞ്ഞു. മറ്റു ചിലരോടും മോശമായി പെരുമാറിയെന്ന് ആക്ഷേപമുണ്ട്. ആരുടെയും പേരുകള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ് വിവാദത്തിലായ എസ്പി തന്നെയാണ് നിലയ്ക്കലില്‍ ഹൈക്കോടതി ജഡ്ജിയെ തടഞ്ഞത്. സിറ്റിങ് ജഡ്ജിയെ തടഞ്ഞ സാഹചര്യത്തിലാണ് കടുത്ത പരാമര്‍ശങ്ങളിലേക്ക് ഹൈക്കോടതി നീങ്ങിയത്. എന്നാല്‍ ശബരിമലയിലെ ദര്‍ശനത്തിന് പോകുന്ന വഴിയുണ്ടായ പ്രശ്നത്തില്‍ ആര്‍ക്കെതിരെയും വ്യക്തിപരമായി പരാതി നല്‍കാന്‍ ജഡ്ജി തയ്യാറായില്ല. എല്ലാം ഭഗവാന് അര്‍പ്പിക്കാനാണ് താല്‍പ്പര്യമെന്ന് ജഡ്ജി നിലപാട് എടുത്തതോടെ പൊലീസും എസ്പിയും രക്ഷപ്പെടുകയായിരുന്നു.
ജഡ്ജി സഞ്ചരിച്ച ഔദ്യോഗിക വാഹനം എസ്പി തടയുകയും വാഹനങ്ങളൊന്നും കടത്തി വിടാന്‍ ഈ സാഹചര്യത്തില്‍ കഴിയില്ല എന്നും അറിയിക്കുകയായിരുന്നു. ഐപിഎസ് ഓഫീസറുടെ നടപടികള്‍ കണ്ട് ഒന്നും മിണ്ടാതെ ജഡ്ജി കാറില്‍ ഇരുന്നു. എന്നാല്‍ ഡ്രൈവര്‍ പറയുന്നുണ്ടായിരുന്നു ഇത് ഹൈക്കോടതി ജഡ്ജിയാണെന്ന്. എങ്കില്‍ വാഹനം പരിശോധിച്ചതിന് ശേഷം കടത്തി വിടാമെന്ന് എസ്പി പറഞ്ഞു. അങ്ങനെ വാഹനത്തിന്റെ ഡോറും ഡിക്കിയും തുറന്ന് പരിശോധിച്ച ശേഷം കടത്തി വിടുകയായിരുന്നു. ജഡ്ജി പമ്പയിലെത്തി ഗണപതി കോവിലിന്റെ സമീപത്ത് കാര്‍ പാര്‍ക്ക് ചെയ്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഒപ്പം മല കയറുകയായിരുന്നു. മല കയറുന്നതിനിടെ ഐജിയെ വിളിക്കുകയും എസ്പിയെപറ്റി പരാതി പറയുകയുമായിരുന്നു. സന്നിധാനത്തെത്തി ദര്‍ശനം കഴിഞ്ഞ് ജഡ്ജി മുറിയില്‍ വിശ്രമിക്കുമ്പോഴാണ് യതീഷ് ചന്ദ്ര എത്തുന്നത്. ഓടിക്കിതച്ചെത്തിയ യതീഷ് ചന്ദ്ര പമ്പയില്‍ വച്ച് എസ്പി ഹരി ശങ്കറുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് സന്നിധാനത്തെത്തി അവിടയുണ്ടായിരുന്ന പ്രതീഷ്‌കുമാറിനെയും കണ്ട് സംസാരിച്ച ശേഷമാണ് ജഡ്ജിയുടെ മുറിയിലെത്തിയത്.
അവിടെ വച്ച് തനിക്ക് പറ്റിയ തെറ്റ് ഏറ്റു പറയുകയും വളരെയധികം ടെന്‍ഷനില്‍ നില്‍ക്കുമ്പോഴാണ് അങ്ങയുടെ വാഹനം തടഞ്ഞു നിര്‍ത്തിയതെന്നും അറിയിച്ചു. അതിനാല്‍ മാപ്പു തരണമെന്നും നടപടികളൊന്നും എടുക്കരുതെന്നും അപേക്ഷിച്ചു. വളരെ സൗമ്യനായി തന്നെ ഹൈക്കോടതി ജഡ്ജി കാര്യങ്ങളെല്ലാം കേട്ടതിന് ശേഷം നടപടി എടുക്കില്ലെന്നും സമാധാനമായി പോകാനും പറഞ്ഞു. തുടര്‍ന്ന് എസ്പി അയ്യപ്പനെ തൊഴുത് മലയിറങ്ങുകയായിരുന്നു. ജഡ്ജി ഈ വിവരം ഹോക്കോടതി രജിസ്ട്രാറിനെ അറിയിച്ചു. ഹൈക്കോടതി ഇതില്‍ പ്രതിഷേധം അറിയിച്ചു എങ്കിലും ജഡ്ജിക്ക് പരാതി ഇല്ലാത്തതിനാല്‍ നടപടിയൊന്നും സ്വീകരിച്ചില്ല.
അതേസമയം കേന്ദ്രമന്ത്രിയെ അപമാനിച്ചതില്‍ കേന്ദ്രം അതൃപ്തി രേഖപ്പെടുത്തിയതൊക്കെ എസ്പിക്ക് വിനയാകും

pathram:
Related Post
Leave a Comment