ശബരിമലയില്‍ അതിക്രമം: പൊലീസുകാരെ തിരിച്ചറിയാനായില്ലെന്ന് പത്തനംതിട്ട ഡി വൈ എസ് പി

കൊച്ചി: ശബരിമലയില്‍ അതിക്രമം കാണിച്ചെന്ന് ആരോപിക്കപ്പെടുന്ന പൊലീസുകാരെ തിരിച്ചറിയാനായില്ലെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. റഫീഖ് ഹൈക്കോടതിയില്‍ അറിയിച്ചു. ലഭ്യമായ വിഡിയോയിലുള്ള ദൃശ്യങ്ങളില്‍ അതിക്രമം നടത്തിയ പൊലീസുകാര്‍ ആരൊക്കെയെന്നു വ്യക്തമല്ല. ഹര്‍ജിക്കാരന്റെ പക്കലുള്ള ദൃശ്യങ്ങളുടേയും ഫോട്ടോകളുടെയും യഥാര്‍ഥ പകര്‍പ്പ് ലഭ്യമാക്കിയാല്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ തയാറാണെന്നും ഡിവൈഎസ്പി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ശബരിമലയില്‍ പൊലീസ് അതിക്രമം കാണിച്ചെന്നും നിരപരാധികളെ ആക്രമിച്ചെന്നും വാഹനങ്ങള്‍ തച്ചുടച്ചെന്നും കാണിച്ച് ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊലീസ് വിശദീകരണം. കഴിഞ്ഞയാഴ്ച ഇതേ കേസ് പരിഗണിക്കുമ്പോള്‍ ശബരിമലയില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വാഹനങ്ങള്‍ തച്ചുടച്ചവര്‍ക്കെതിരെ എന്തു നടപടിയെടുത്തുവെന്നു ചോദിച്ച കോടതി പൊലീസിനു പ്രഫഷനല്‍ സമീപനമാണു വേണ്ടതെന്നു വ്യക്തമാക്കിയിരുന്നു.

pathram:
Leave a Comment