സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണെന്നു ആര്‍ജിഐഡിഎസ് പഠനറിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണെന്നു രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ (ആര്‍ജിഐഡിഎസ്) പഠനറിപ്പോര്‍ട്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സ്‌കൈമെറ്റ് എന്നിവയുടെ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുത്തില്ല. ഇതുമൂലം ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയതില്‍ ഗുരുതരവീഴ്ചയുണ്ടായി. പേമാരിയെ തുടര്‍ന്ന് എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞതോടെ അധികമായി വന്ന ജലം ഒന്നിച്ചു തുറന്നുവിട്ടതു പ്രളയം രൂക്ഷമാക്കി.
അണക്കെട്ടില്‍ അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങളും ചെളിയും യഥാസമയം നീക്കെ ചെയ്യാത്തതും വീഴ്ചയാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാഡ്‌സിന്റെ കോഡ് അനുസരിച്ചു ജലസംഭരണി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ല. കേന്ദ്ര ജല കമ്മിഷന്‍ കര്‍ശനമായി പാലിക്കണം എന്ന നിഷ്‌കര്‍ഷിച്ചിട്ടുള്ള ഡാം ഓപ്പറേഷന്‍ മാനുവല്‍, എമര്‍ജന്‍സി പ്ലാന്‍ എന്നിവ സംസ്ഥാനത്തെ ഒരു ഡാമിനുമുണ്ടായിരുന്നില്ല.
തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ ഷട്ടറുകള്‍ കൃത്യസമയത്തു തുറക്കാതിരുന്നതും തിരിച്ചടിയായി. ഏതു സാഹചര്യത്തിലും ഒരു അണക്കെട്ടിന്റെയും സംഭരണി നിറഞ്ഞുകവിയാന്‍ പാടില്ലെന്നിരിക്കെ ഇങ്ങനെ സംഭവിച്ചതു ഗുരുതര വീഴ്ചയാണ്. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസം ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മൈക്കിള്‍ വേദ ശിരോമണി, ഡോ.ഉമ്മന്‍ വി.ഉമ്മന്‍, ജോണ്‍ മത്തായി, മുഹമ്മദലി റാവുത്തര്‍, തോമസ് വര്‍ഗീസ് എന്നിവരടങ്ങുന്ന സമിതിയാണു പഠനം നടത്തിയത്

നിര്‍ദേശങ്ങള്‍: ഇടുക്കി, വയനാട് ജില്ലകളില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി പുതിയ നിര്‍മാണ ചട്ടം വേണം.
അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ റിസ്‌ക് അനാലിസിസ്.
ദുരന്തങ്ങള്‍ തടയാന്‍ പഞ്ചായത്ത് തല സംവിധാനങ്ങള്‍ രൂപീകരിക്കണം
അണക്കെട്ടുകള്‍ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ടു മുന്നറിയിപ്പു സംവിധാനവും സുരക്ഷാ പ്രോട്ടോക്കോളും വേണം

pathram:
Leave a Comment