അഞ്ജുവിന് പിന്നില്‍ സിപിഎം; ലോക്കല്‍ സെക്രട്ടറിയുടെ ബന്ധുവാണ് യുവതി; വീട്ടില്‍ കാവല്‍നില്‍ക്കുന്നത് അഞ്ച് വണ്ടി പോലീസെന്നും ബിജെപി

പമ്പ: ശബരിമല ദര്‍ശനം നടത്താനായി പമ്പയില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമെത്തിയ അഞ്ജുവിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. സി.പി.എം അരീപ്പറമ്പ് ലോക്കല്‍ സെക്രട്ടറി വിനോദിന്റെ അനുജന്‍ അഭിലാഷിന്റെ ഭാര്യയാണ് അഞ്ജുവെന്നാണ് ആരോപണം. വളരെ ആസൂത്രിതമായ നീക്കമാണ് സി.പി.എം നടത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
അഞ്ജുവിന്റെ ഭര്‍ത്താവ് കൊലക്കേസ് പ്രതിയാണെന്ന് അദ്ദേഹം ആരോപിച്ചു. അഞ്ച് വണ്ടി പോലീസാണ് ഇപ്പോള്‍ മഞ്ജുവിന്റെ വീട്ടില്‍ കാവല്‍ നില്‍ക്കുന്നത്. ദേവസ്വം മന്ത്രിയുടെ ഓഫീസിലാണ് ഇത്തരം ഗൂഡാലോചനകള്‍ നടക്കുന്നത്. ശരണ മന്ത്രവുമായി വിശ്വാസികള്‍ ഈ ശ്രമത്തെ പരാജയപ്പെടുത്തും.
യുദ്ധ സമാനമായ അന്തരീക്ഷമാണ് ശബരിമലയില്‍ ഉള്ളത്. അയ്യപ്പനെ ബന്ദിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
വൈകീട്ട് മലകയറാനെത്തിയ മഞ്ജു രാത്രിയോടെ ശ്രമം ഉപേക്ഷിച്ചിരുന്നു. ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ ചേര്‍ത്തല സ്വദേശിനി അഞ്ജു (30) ആണ് മല കയറുന്നതില്‍നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. തത്കാലം യുവതി സന്നിധാനത്തേക്ക് പോകുന്നില്ലെന്ന് എസ്.പി രാഹുല്‍ ആര്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, യുവതിക്കും രണ്ട് മക്കള്‍ക്കുമൊപ്പം മല കയറണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഭര്‍ത്താവ്.

ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് ചേര്‍ത്തല സ്വദേശി അഞ്ജു (30) ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം പമ്പയിലെത്തിയത്. സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടു. സന്നിധാനത്തെ സ്ഥിതിഗതികള്‍ പോലീസ് യുവതിയെ പറഞ്ഞു മനസിലാക്കി. ഇതോടെ ഭര്‍ത്താവ് പറഞ്ഞാല്‍ മടങ്ങിപ്പോകാമെന്ന നിലപാടില്‍ യുവതി എത്തി. എന്നാല്‍, യുവതിക്കൊപ്പം ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭര്‍ത്താവ്. യുവതിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവരുമായി പോലീസ് സംസാരിച്ചു. തനിക്ക് ശബരിമലയിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദപ്രകാരമാണ് വന്നതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.

ദര്‍ശനത്തിന് യുവതി എത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പമ്പയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. പമ്പ ഗണപതി കോവിലിന് സമീപം കെ.പി ശശികലയുടെ നേതൃത്വത്തിലാണ് ശരണമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടുള്ള പ്രതിഷേധം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കൂട്ടംകൂടാനാവില്ലെന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായിട്ടില്ല. നിലയ്ക്കലില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് യുവതി പമ്പയിലെത്തിയത്.

pathram:
Leave a Comment