തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ടിടിവി ദിനകരനൊപ്പം നിന്ന 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇത് ശരിവെച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്. ‘ഇതൊരു തിരിച്ചടിയായി ഞങ്ങള്‍ കണക്കാക്കുന്നില്ല. ഇതൊരു അനുഭവമാണ്. ഈ സാഹചര്യത്തെ ഞങ്ങള്‍ നേരിടും. 18 എംഎല്‍എമാരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കും’ ടി.ടി.വി. ദിനകരന്‍ വ്യക്തമാക്കി.

എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്റ്റംബര്‍ 18ന് ഗവര്‍ണറെ കണ്ട 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ പി. ധനപാലന്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പ്രഖ്യാപിച്ചതോടെയാണു തര്‍ക്കം സുപ്രീംകോടതിയിലെത്തിയത്. തുടര്‍ന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി വിധി പറയാന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി എം. സത്യനാരായണനെ നിയോഗിക്കുകയായിരുന്നു.

ജൂണ്‍ 14നാണു മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് എം.സുന്ദറും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചത്. സ്പീക്കര്‍ പി.ധനപാലിന്റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ശരിവച്ചപ്പോള്‍, ജസ്റ്റിസ് സുന്ദര്‍ വിധിച്ചതു സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു. മൂന്നാം ജഡ്ജിക്കു കേസ് വിടാനും അതുവരെ തല്‍സ്ഥിതി തുടരാനും അന്നു ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.

pathram:
Leave a Comment