ഒരു ഭക്തപോലും എത്തിയിട്ടില്ല; വന്‍ പ്രതിസന്ധി ഉണ്ടായിട്ടും ഒന്നും ചെയ്യാത്ത ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും ശബരിമല കര്‍മസമിതി

കൊച്ചി: ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി രൂപീകരിച്ച ദേവസ്വംബോര്‍ഡ് ശബരിമലയില്‍ ഇത്രയധികം പ്രതിസന്ധി ഉണ്ടായിട്ടും ഒന്നും ചെയ്തില്ലെന്നും ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും ശബരിമല കര്‍മ സമിതി. ഇങ്ങനെ ഒരു ബോര്‍ഡ് ഒരു ക്ഷേത്രത്തിനും ആവശ്യമില്ല. അംഗങ്ങള്‍ രാജിവച്ച് ശബരിമല ഉള്‍പ്പടെ എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളെ ഏല്‍പിക്കണമെന്നു ശബരിമല കര്‍മസമിതി കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ചകളെല്ലാം പ്രഹസനങ്ങള്‍ മാത്രമായിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റിഷന്‍ കൊടുക്കുന്നതിനോ പ്രശ്‌നം പരിഹരിക്കാനോ ബോര്‍ഡ് ഒന്നും ചെയ്തില്ല. ആചാരങ്ങളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു നിയമം നിര്‍മിക്കണം. ഈ ദിവസങ്ങളില്‍ ഒന്നും ദേവസ്വം ബോര്‍ഡ് ഉണ്ടായിരുന്നു എന്നതിനു തെളിവില്ല. നിലവിലുള്ള സാഹചര്യം പരിഹരിക്കുന്നതിനായി താല്‍ക്കാലിക സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ 16ാം തീയതി മുതല്‍ നിലയ്ക്കലിലുണ്ടായ എല്ലാ സംഭവങ്ങളും സര്‍ക്കാരിന്റെ നിര്‍ദേശത്തെതുടര്‍ന്നു സൃഷ്ടിക്കപ്പെട്ടതാണ്. യുവതികള്‍ എത്താന്‍ നിര്‍ദേശിച്ചതു പൊലീസും സര്‍ക്കാരുമാണെന്ന് അദ്ദേഹം ആരോപിച്ചു. നാമജപ യജ്ഞങ്ങളില്‍ പ്രകോപനം സൃഷ്ടിക്കുകയും 144 പ്രഖ്യാപിച്ചു പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും പ്രത്യേക അജണ്ടയുടെ ഭാഗമാണ്. വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ഭക്തരെ ആക്രമിക്കുകയുമായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

നട തുറന്ന ദിവസം മുതല്‍ വിചിത്രങ്ങളായ സംഭവങ്ങളാണ് അരങ്ങേറിയത്. ശബരിമലയില്‍ പ്രവേശിക്കാന്‍ ഭക്തരായ ഒരു യുവതി പോലും എത്തിയിട്ടില്ല. പ്രവേശിക്കാന്‍ ശ്രമിച്ചവരുടെ ചരിത്രം എല്ലാവര്‍ക്കും അറിവുള്ളതുമാണ്. പലര്‍ക്കും എതിരെ കേസുള്ളവരും ഗൂഢാലോചനക്കേസുകളില്‍ ഉള്‍പ്പെട്ടവരുമാണ്. ഇവരെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ക്രിമിനല്‍ പദ്ധതിയായിരുന്നു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് വേഷം കെട്ടിച്ചു വരെ കൊണ്ടുപോകാന്‍ ശ്രമിച്ചു. ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇതെന്നാണു മനസിലാക്കുന്നത്. എന്നാല്‍ ഭക്തര്‍ സര്‍ക്കാരിനെ തോല്‍പിച്ചിരിക്കുകയാണ്. ഇതു പൊതു ചര്‍ച്ചയായിരിക്കുകയാണ്. ഭക്തര്‍ക്കെതിരെ നടത്തിയ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കണം. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധ ബുദ്ധി. ഭക്തരുടെ വികാരങ്ങളെ മാനിക്കാതെ ഗൂഢാലോചന നടത്തിയത് അന്വേഷണത്തിന്റ പരിധിയില്‍ വരണം. ഇതു ഭക്തരുടെ വിജയവും സര്‍ക്കാരിന്റെ പരാജയവുമാണ്.

വരും ദിവസം സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ അനുകൂല വിധി ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നവംബര്‍ അഞ്ചിനു നട തുറക്കും മുമ്പ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. എന്നാണോ വിധി പുനസ്ഥാപിക്കുന്നത് അതു വരെ നാമജപവും പ്രതിഷേധവും തുടരും. സമാധാനം കാംഷിക്കുന്നവര്‍ ഒരുമിച്ചു നില്‍ക്കണം. ശബരിമല കര്‍മ സമിതി എന്നതു ശബരിമല സംരക്ഷണം മാത്രമല്ല ലക്ഷ്യമിടുന്നത്. ഗൃഹാന്തരീക്ഷം സൗഹാര്‍ദപരമായി മുന്നോട്ടു പോകണമെങ്കില്‍ ആചാര ലംഘനം നടത്തുന്നത് അവസാനിപ്പിക്കണം. അല്ലാത്തപക്ഷം വലിയ പ്രക്ഷോഭങ്ങള്‍ തന്നെ ഉണ്ടാകുമെന്നും ശബരിമല കര്‍മസമിതി ചെയര്‍മാന്‍ ഗോവിന്ദ ഭരതന്‍, സ്വാമി അയ്യപ്പദാസ്, കെ.പി. ശശികല, ജനറല്‍ കണ്‍വീനര്‍ എസ്.ആര്‍.ജെ കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

pathram:
Leave a Comment